കൊച്ചി: കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്. സംഭവം നടന്ന മാളിലെത്തി കളമശേരി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കുകയും ചെയ്തു.
മാളില്‍ നിന്ന് രണ്ട് ചെറുപ്പക്കാരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് യുവനടി വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവനായിക സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.