ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദിനെ ഡല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഉമറിനെ ഡല്‍ഹി പോലീസ് ശനിയാഴ്ച വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമറിനെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് രണ്ടുപേരും, ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നുമാണ് പോലീസ് ഉന്നയിക്കുന്നത്.
അതേസമയം, ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, രാഹുല്‍ റോയ്, അപൂര്‍വാനന്ദ് എന്നിവര്‍ക്കെതിരെ ശനിയാഴ്ച ഡല്‍ഹി പോലീസ് അനുബന്ധ കുറ്റപത്രം ചുമത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ഡല്‍ഹി പോലീസ് നിഷോധിക്കുകയും ചെയ്തിരുന്നു.
ജെഎന്‍യു വിദ്യാര്‍ത്ഥികളായ ദേവങ്കണ കലിത, നതാഷ നര്‍വാള്‍, ജാമി അ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരെ ഡല്‍ഹി ജാഫ്രാബാദിലെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ പോലീസ് പ്രതി ചേര്‍ത്തിരുന്നു. മൂന്നുപേര്‍ക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.