സര്‍ക്കാരില്‍ നിന്നും 12 കോടിയലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്ന പരാതി ഉന്നയിച്ച ഹാബിറ്റാറ്റ് ഗ്രൂപ്പ് മേധാവി ജി ശങ്കറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൈസ കൊടുക്കാനും വാങ്ങാനും വൈകുന്നുണ്ടാവും. അതൊക്കെ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ പൊതുവില്‍ ചര്‍ച്ച ചെയ്യാനല്ല ശ്രമിക്കേണ്ടെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനായി നിരവധി കെട്ടിടങ്ങള്‍ പണിതതിന്റെ പണം ചുവപ്പു നാടയില്‍ കുടുങ്ങിയെന്നാണ് ഫെയ്‌സ്ബുക് വീഡിയോയില്‍ ജി ശങ്കര്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം പൂര്‍ണമായി നല്‍കിയിട്ടില്ല. ഓരോ ഫയലിലും ഓരോ ജീവതമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥ.
നാലര വര്‍ഷം മുന്‍പ് പള്ളിക്കത്തോട്ടില്‍ കെആര്‍ നാരായണന്റെ പേരില്‍ പൂര്‍ത്തിയാക്കിയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണച്ചെലവില്‍ കോടികളുടെ കുടിശ്ശിക ബാക്കിയാണ്. കേരള യൂണിവേഴ്‌സിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി,എന്നിവക്കായി നിര്‍മ്മിച്ച് കെട്ടിടങ്ങള്‍,അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി നര്‍മ്മിച്ച കോളേജ് കെട്ടിടം എന്നിവയിലെല്ലാം കിട്ടാനുള്ളത് കോടികളാണ്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തിക്കാണ് ഈ ദുരനുഭവമെന്ന് ശങ്കര്‍ ഓര്‍മ്മപ്പെടുത്തുന്നു.
സിവില്‍ സര്‍വ്വീസിലുള്ള ചുരുക്കം ചിലരാണ് വഴിമുടക്കുന്നതെന്നും ശങ്കര്‍ ആരോപിച്ചിരുന്നു. ഓണക്കാലത്ത് സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ കഴിയില്ലെന്നാലോചിക്കുമ്‌ബോള്‍ ഉറക്കം നഷ്ടപ്പെടുകയാണെന്നും ഭരണ നേതൃത്വം അടിയന്തര നടപടി സ്വീകരിക്കണമെന്നും ശങ്കര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ പരസ്യമായി തന്നെ ശങ്കറിന് മറുപടി നല്‍കാന്‍ തയ്യാറാകുകയായിരുന്നു. “ശങ്കറിനോട് അത്രത്തോളം അടുപ്പം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. താങ്കള്‍ പരസ്യമായി പറഞ്ഞത് കൊണ്ട് ഞാനും പരസ്യമായി തന്നെ മറുപടി നല്‍കുകയാണ്. ശങ്കറിനെ പോലുള്ള പോലുള്ള ഒരാള്‍ ഇങ്ങനെ പരസ്യചര്‍ച്ച നടത്തിയത് ശരിയായില്ല”-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വര്‍ക്കല പോലീസ് സ്റ്റേഷന്‍ നിര്‍മ്മിച്ചതിന് ശങ്കറിനെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.

















