കെ.അരവിന്ദ്
ഭവന വായ്‌പ എടുക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായി അപേക്ഷകരാകാന്‍ പല ബാങ്കുകളും ആവശ്യപ്പെടാറുണ്ട്. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്‌പ എടുക്കുമ്പോള്‍ ചില ഗുണങ്ങളും ഒപ്പം ചില ന്യൂനതകളും കൂടിയുണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്.
ഭവനത്തിന്റെ ഉടമസ്ഥത സംയുക്തമായി ഭാര്യയ്‌ക്കും ഭര്‍ത്താവിനുമാണെങ്കില്‍ ഇരുവരും ചേര്‍ന്ന് വായ്‌പക്ക് അപേക്ഷിക്കേണ്ടി വരും. ഇഎംഐ അടയ്‌ക്കുന്നത് ഒരാള്‍ മാത്രമാണെങ്കിലും സംയുക്തത ഉടമസ്ഥതയുണ്ടെങ്കില്‍ വായ്‌പക്ക് അപേക്ഷിക്കുന്നതും സംയുക്തമായി ആയിരിക്കണം.
ഭാര്യക്കും ഭര്‍ത്താവിനും വരുമാനമുണ്ടെങ്കില്‍ ഇരുവരും ചേര്‍ന്ന് അപേക്ഷിക്കുമ്പോള്‍ വായ്‌പാ യോഗ്യത ഉയര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് ഭര്‍ത്താവിനുള്ള പരമാവധി വായ്‌പാ യോഗ്യത 30 ലക്ഷവും ഭാര്യയ്‌ക്കുള്ള വായ്‌പാ യോഗ്യത 20 ലക്ഷവുമാണെങ്കില്‍ ഇരുവരും ചേര്‍ന്ന് അപേക്ഷിക്കുമ്പോള്‍ 50 ലക്ഷയുടെ രൂപയുടെ വായ്‌പ ലഭ്യമാകും.
ഭാര്യയെ കൂടി അപേക്ഷകയാക്കുന്നതിന്റെ ഒരു ഗുണം പലിശനിരക്ക് കുറയുമെന്നതാണ്. പല ബാങ്കുകളും സ്‌ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്‌പ അനുവദിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് അപേക്ഷിച്ചാല്‍ സ്‌ത്രീ കള്‍ക്കുള്ള കുറഞ്ഞ നിരക്ക് ലഭ്യമാകും. ഇത് മിക്ക ബാങ്കുകളിലും സ്‌ത്രീകള്‍ക്കുള്ള ഇളവ് അര ശതമാനമാണ്.
ഇരുവര്‍ക്കും നികുതി ഇളവ് ലഭിക്കുന്നുവെന്നതാണ് മറ്റൊരു ഗുണം. ആദായ നികുതി നിയമം 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വ രെയുള്ള മൂലധനത്തിന്മേലുള്ള തിരിച്ചടവിന് നികുതി ഇളവ് ലഭ്യമാണ്. ഇത് ഇരുവര്‍ക്കും അവകാശപ്പെടാം. ഫലത്തില്‍ ആദായ നികുതി നിയമം 80 സി പ്രകാരം മൂന്ന് ലക്ഷം രൂപ വ രെയുള്ള നികുതി ഇളവ് ഭാര്യക്കും ഭര്‍ത്താവിനും ചേര്‍ന്ന് നേടിയെടുക്കാം.
ആദായ നികുതി നിയമം 24 പ്രകാരം പലിശയിനത്തിലുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള തിരിച്ചടവിന് ഇളവ് ലഭ്യമാണ്. ഇരുവര്‍ക്ക് ചേര്‍ന്ന് നാല് ലക്ഷം രൂപ വരെയുള്ള പലിശ ഇനത്തിലുള്ള തിരിച്ചടവിന് ഇളവ് ലഭ്യമാകും. അതായത് പ്രതിവര്‍ഷം മൊത്തം ഏഴ് ലക്ഷം രൂപ വരെയുള്ള തിരിച്ചടവിനാണ് നി കുതി ഇളവ് ലഭ്യമാകുന്നത്.
ഇത്രയും ഗുണവശങ്ങള്‍ സംതൃപ്‌തമായ ഒരു ഭാര്യാഭര്‍തൃബന്ധത്തിന്റെ പ്രതിഫലനമാണ്. അതേ സമയം ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകളോ ഭിന്നതകളോ ഉണ്ടായാല്‍ അത് വായ്‌പയുടെ തിരിച്ചടവില്‍ പ്രതിഫലിക്കാം. ഉദാഹരണത്തിന് ഭാര്യ കോ-ആപ്ലിക്കന്റ് മാത്രമായിരിക്കുകയും ഭര്‍ത്താവ് ഇഎംഐ അടയ്‌ക്കുന്നത് നിര്‍ത്തുകയും ചെയ്‌താല്‍ തിരിച്ചടവിന്റെ മുഴുവന്‍ ബാധ്യതയും ഭാര്യയുടേതാകും. ജീവിത പങ്കാളിലൊരാള്‍ മരിച്ചാല്‍ വായ്‌പാ തിരിച്ചടവ് മറ്റേയാളുടെ ബാധ്യതയായിരിക്കും.
ഭാര്യയും ഭര്‍ത്താവും സംയുക്തമായി എടു ത്ത വായ്‌പയുടെ തിരിച്ചടവ് ഒരാള്‍ മുടക്കുകയാണെങ്കില്‍ അത് ഇരുവരുടെയും ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് കാരണമാകും. വാ യ്‌പാ തിരിച്ചടവ് മുടങ്ങുകയാണെങ്കില്‍ അത് ഭാവിയിലെ ഇരുവരുടെയും വായ്‌പാ യോഗ്യതയെ പ്രതികൂലമായി ബാധിക്കും.
ജീവിത പങ്കാളികളില്‍ ഒരാളുടെ മരണം മറ്റേയാളുടെ ബാധ്യത വര്‍ധിപ്പിക്കാതിരിക്കാന്‍ ഇരുവരുടെയും പേരില്‍ സംയുക്തമായി ഒരു ടേം പോളിസി എടുക്കുയും ഭവന വായ്‌പ യുടെ തിരിച്ചടവ് കവറേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാവുന്നതാണ്.