കെ.അരവിന്ദ്
ഭവനവായ്‌പയുടെ തുക ഉയരുന്നതിന് അനുസരിച്ച് അപേക്ഷ അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ ബാങ്കുകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് പതിവ്. ക്രെഡിറ്റ് സ്‌കോര്‍ മോശമായാല്‍ ബാങ്ക് വായ്‌പ നിഷേധിക്കുന്നത് സാധാരണമാണ്. എന്നാല്‍ മറ്റ് കാരണങ്ങള്‍ മൂലവും വായ്‌പ നിഷേധിക്കുകയോ വായ്‌പാ തുക വെട്ടിക്കുറയ്‌ക്കുകയോ ചെയ്യാറുണ്ട്. ഭവനവായ്‌പക്ക് അപേക്ഷിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കുന്നത് നല്ലതായിരിക്കും.
ഇഎംഐ നല്‍കിയതിനുശേഷം മറ്റ് ആവശ്യങ്ങള്‍ക്കായി മതിയായ തുക അപേക്ഷകന്റെ അക്കൗണ്ടിലുണ്ടാകുമെന്ന് ഉറപ്പുവരുത്തുന്ന രീതിയില്‍ മാത്രമേ ബാങ്ക് വായ്‌പ അനുവദിക്കുകയുള്ളൂ. ശമ്പളത്തിന്റെ നിശ്ചിത ശതമാനം ഇഎംഐ ആയി അടച്ചു കഴിഞ്ഞാല്‍ ബാക്കി തുക അപേക്ഷകന് മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാകും വായ്‌പ അനുവദിക്കുന്നത്. സാധാരണ രീതിയില്‍ ശമ്പളത്തിന്റെ 35-40 ശതമാനമായി ഭവന വായ്‌പയുടെ ഇഎംഐ നിജപ്പെടുത്തണമെന്നാണ് പറയാറുള്ളത്.
പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് വായ്‌പ തുടങ്ങിയ മറ്റ് വായ്‌പകള്‍ നിലവിലുണ്ടെങ്കില്‍ അപേക്ഷകന്റെ വായ്‌പാ ബാധ്യത കൂടും. ഭവന വായ്‌പ കൂടിയാകുന്നതോടെ ശമ്പളത്തിന്റെ 80-90 ശതമാനവും ഇഎംഐ ആയി അടക്കേണ്ടി വരും വിധം അമിത വായ്‌പാ ബാധ്യതയുള്ള ഒരാള്‍ ഭവന വായ്‌പയുടെ ഇഎംഐ തിരിച്ചടക്കുന്നതില്‍ വീഴ്‌ച വരുത്താന്‍ സാധ്യതയുള്ളതിനാല്‍ അത്തരക്കാരുടെ വായ്‌പാ അപേക്ഷ തള്ളാനുള്ള സാധ്യത കൂടുതലാണ്.
നിലവിലുള്ള ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നത് വായ്‌പ അനുവദിക്കുന്നതിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്. ശമ്പള വര്‍ധന ലഭിക്കാനും പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുമായി ഇടയ്‌ക്കിടെ ജോലി മാറുന്ന പ്രവണത ചെറുപ്പക്കാര്‍ക്കിടയില്‍ സാധാരണമാണ്. രണ്ട് വര്‍ഷത്തിനിടെ നാലോ അഞ്ചോ കമ്പനികളില്‍ ജോലി ചെയ്‌തിട്ടുള്ളയാളാണെങ്കില്‍ അത് വായ്പാ യോഗ്യതയെ പ്രതികൂലമായി ബാധിക്കും. നിലവിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് മൂന്നോ നാലോ വര്‍ഷമായിട്ടുണ്ടെങ്കില്‍ അത് കരിയറില്‍ സ്ഥിരതയാര്‍ജിക്കുന്നതിന്റെ സൂചനയായാണ് ബാങ്കുകള്‍ കണക്കിലെടുക്കുക. അങ്ങനെയുള്ളവര്‍ക്ക് വായ്‌പാ ലഭ്യതയ്‌ക്കുള്ള സാധ്യതയേറും.
ക്രെഡിറ്റ് സ്‌കോര്‍ 750ന് മുകളിലാണെങ്കില്‍ വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് വായ്‌പ കിട്ടാന്‍ എളുപ്പമാണ്. അതേസമയം വിവാഹിതരായവര്‍ ജീവിത പങ്കാളിയോടൊപ്പം ചേര്‍ന്ന് വായ്‌പക്ക് അപേക്ഷിക്കുകയാമെങ്കില്‍ ജീവിത പങ്കാളിയുടെ ക്രെഡിറ്റ് സ്‌കോര്‍ കൂടി വായ്‌പ നല്‍കുന്ന ധനകാര്യ സ്ഥാപനം പരിഗണിക്കും.
അതിനാല്‍ ജീവിത പങ്കാളിയുടെ മുന്‍ കാല വായ്‌പാ ഇടപാടുകള്‍ വായ്‌പാ ലഭ്യതയില്‍ നിര്‍ണയാകമാകും. ജീവിത പങ്കാളിക്ക് ഉയര്‍ന്ന വായ്‌പാ ബാധ്യതയുണ്ടാവുകയോ വായ്‌പ തിരിച്ചടക്കുന്നതിലെ മുന്‍കാല ട്രാക്ക് റെക്കോഡ് മോശമായിരിക്കുകയോ ചെയ്യുകയാണെങ്കില്‍ വായ്‌പാ അപേക്ഷ നിരസിക്കപ്പെടുകയോ വായ്‌പാ തുക വെട്ടിക്കുറക്കുകയോ ചെയ്യാവുന്നതാണ്.
നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന അപ്പാര്‍ട്‌മെന്റ് ബാങ്ക് അംഗീകരിച്ച പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും വായ്‌പാ അപേക്ഷ നിരസിക്കപ്പെടാവുന്നതാണ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭവനത്തിന് മതിയായ രേഖകളില്ലെങ്കില്‍ ബാങ്ക് വായ്‌പ നല്‍കാതിരിക്കാം. ഭവനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മതിയായ അനുമതി ഉണ്ടെങ്കില്‍ മാത്രമേ വായ്‌പ അനുവദിക്കുകയുള്ളൂ.