അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് 30 മിനിറ്റിനുളളില്‍ പിസിആര്‍ പരിശോധനാഫലം ലഭ്യമാകും. യാത്രക്കാര്‍ എമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാഗേജ് ശേഖരിക്കുമ്പോഴേക്കും പരിശോധനാഫലം ലഭ്യമാക്കും. ലോകത്തെ മറ്റു വിമാനത്താവളങ്ങളില്‍ ഇല്ലാത്ത മികച്ച സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പേഷ്യന്റ് മാനേജ്‌മെന്റ് സിഇഒ പാര്‍ത്ത പ്രോട്ടിം ബാനര്‍ജി പറഞ്ഞു. കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തുക, വൈറസിന്റെ വ്യാപനം തടയുക, സുരക്ഷ ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെയാണ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പിസിആര്‍ ടെസ്റ്റിങ്ങ് ലാബില്‍ വിശദമായും വേഗത്തിലും പരിശോധന നടത്തും. ഇതിനായി സുഗമമായ ലോജിസ്റ്റിക്‌സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സും ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരെ പ്രത്യേക ക്വാറന്റൈന്‍ സെന്ററിലെത്തിക്കാനും അടിയന്തര ചിതകിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.