തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിന് നിബന്ധനകളുമായി പി. സി ജോര്‍ജ്ജ്. യുഡിഎഫില്‍ എത്താന്‍ മാന്യമായ പരിഗണന വേണമെന്നും അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പന്‍ യുഡിഎഫില്‍ എത്തുന്നില്ലെങ്കില്‍ യുഡിഎഫിന് വേണ്ടി പാലായില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പി. സി ജോര്‍ജ്ജ്. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരികയും തങ്ങള്‍ യുഡിഎഫിന് ഒപ്പമാണെങ്കില്‍ ആ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പളളിയോ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ പ്രവേശിപ്പിക്കാമോയെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ഉന്നതരായ നേതാക്കള്‍ യുഡിഎഫുമായി സഹകരിക്കാമോയെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും പി. സി ജോര്‍ജ് പറഞ്ഞു.