English हिंदी

Blog

butterfly sharjah

 

സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതി കാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

Also read:  ഷാര്‍ജയില്‍ നിന്നും വന്ന യുവതി അടി വസ്ത്രത്തില്‍ സ്വര്‍ണം കടത്തി,പിടികൂടി

കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമെത്തിക്കുന്ന, ഇരുപത് വ്യത്യസ്ത ഇനങ്ങളിലെ നൂറുകണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ഓരോ രണ്ടാഴ്ചയിലുമെത്തിക്കുന്ന പ്യൂപ്പകള്‍ പ്രത്യേകം സജ്ജീകരിച്ച ചില്ലുകൂട്ടില്‍ പരിപാലിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം ചിറകു വിടര്‍ത്തുന്ന ചിത്രശലഭങ്ങള്‍ ശലഭവീട്ടിലേക്ക് പറന്നിറങ്ങുന്നു. പ്രകൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്. ഈ വീടിനകത്തൂടെ നടക്കാനും കാഴ്ചകള്‍ കാണാനും ചിത്രശലഭങ്ങളോടൊപ്പം ഫോട്ടോയെടുക്കാനുമെല്ലാം സഞ്ചാരികള്‍ക്ക് അവസരമുണ്ട്.

Also read:  ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു

വിനോദവും വിജ്ഞാനവും പ്രകൃതികാഴ്ചകളും സമ്മേളിക്കുന്ന യുഎഇയിലെ തന്നെ മികച്ച വിനോദ വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ് അല്‍ നൂര്‍ ദ്വീപ്. നഗരത്തിരക്കില്‍ നിന്നു മാറി പച്ചപ്പു നിറഞ്ഞ കാഴ്ചകളാസ്വദിക്കാനും വ്യത്യസ്ത ഇനം വൃക്ഷങ്ങളെക്കുറിച്ച്‌ പഠിക്കാനുമെല്ലാം ദ്വീപില്‍ അവസരമുണ്ട്. യുഎഇയിലെ ദേശാടനപക്ഷികളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നുകൂടിയാണ് അല്‍ നൂര്‍ ദ്വീപ്.

Also read:  സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് ഇന്ത്യൻ അംബാസിഡർ

ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍നൂര്‍ ദ്വീപ് ഖാലിദ് ലഗൂണിലാണ് സ്ഥിതി ചെയ്യുന്നത്. രാവിലെ 9 മുതല്‍ രാത്രി 11 വരെ ദ്വീപ് കാഴ്ചകള്‍ കാണാം. ശലഭവീട് രാവിലെ 9 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവര്‍ത്തിക്കുക. 35 ദിര്‍ഹമാണ് ദ്വീപിലേക്കുള്ള പ്രവേശന നിരക്ക്.