ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും സമ്മേളനമെന്ന് സ്പീക്കര്‍ പറഞ്ഞു. രാജ്യസഭ രാവിലെ 9 മുതല്‍ 2 വരെയും ലോക്‌സഭ വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുമാണ് ചേരുക. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എംപിമാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിരുന്നു ശൂന്യവേളയും ചോദ്യോത്തരവേളയും ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷ്യ സബ്സിഡി നീക്കം ചെയ്തിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിക്കുകയുണ്ടായി. ഇരു സഭകളും ചേരുന്നതിനു മുന്നോടിയായി പാര്‍ലമെന്റ് മന്ദിരം അണുമുക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.












