ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി, പാരിസ് ഉടമ്പടി നിര്‍വഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര പരിസ്ഥിതിവനം കാലാവസ്ഥ വ്യതിയാന വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനും പാരീസ് ഉടമ്പടി പ്രകാരമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ആവശ്യമായ മേല്‍നോട്ടം നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം.
14 മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടുള്ള സമിതി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നി രീക്ഷിക്കുകയും അവലോകനം ചെയ്യുകയും പാരീസ് ഉടമ്പടി നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.കൂടാതെ പാരിസ് ഉടമ്പടിയുടെ അനുച്ഛേദം 6 പ്രകാരം, പദ്ധതികള്‍ക്കും പ്രവര്‍ത്തികള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, കാര്‍ബണ്‍ വിപണിയുമായി ബന്ധപ്പെട്ട ദേശീയ അതോറിറ്റി ആയി പ്രവര്‍ത്തിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പിഴ ഈടാക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയവയും ഉന്നത തല സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ ആണ്.
2021 മുതല്‍ പാരീസ് ഉടമ്പടി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രതലത്തില്‍ ആരംഭിച്ച സമിതി, രാജ്യത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. പാരിസ് ഉടമ്പടി ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സ്ഥിരമായി പ്രയത്‌നിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.