ലോകം വലിയൊരു മഹാമാരിയെ നേരിടുകയാണ്. കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ മേഖലയിലും പഠന രീതിയിലും ഉണ്ടായ മാറ്റം രാജ്യത്തെ കുട്ടികളെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയും ഓണ്‍ലൈന്‍ ക്ലാസുകളും തങ്ങളുടെ കുട്ടികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ഇന്ത്യന്‍ മാതാപിതാക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
ഇന്ത്യയിലെ വലുതും ചെറുതുമായ നഗരങ്ങളില്‍ കഴിയുന്ന 80 ശതമാനത്തോളം മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് എജ്യുടൈന്‍മെന്റ് കമ്പനിയായ എസ്.പി റോബോട്ടിക് വര്‍ക്ക്‌സ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമാകുന്നത്.
മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, മറ്റ് ചെറുനഗരങ്ങള്‍ എന്നിവിടങ്ങളിലായാണ് സര്‍വ്വേ നടത്തിയത്. ഹൈദരാബാദില്‍ 86 ശതമാനം പേരാണ് ഈ വര്‍ഷം കുട്ടികളെ സ്‌കൂളില്‍ വിടുന്നതിനോട് വിയോജിപ്പ് അറിയിച്ചതെങ്കില്‍ മുംബൈയില്‍ ഇത് 85 ശതമാനമാണ്. ഏറ്റവും കുറവ് ആളുകള്‍ വിജോയിപ്പ് അറിയിച്ചത് ചെന്നൈയിലാണ്- 67 ശതമാനം.
സാമ്പത്തികവും സാമൂഹികവുമായ പലവിധ സമ്മര്‍ദ്ദങ്ങളില്‍ കൂടിയാണ് ഇന്ന് മാതാപിതാക്കള്‍ കടന്നു പോകുന്നത്. അതിനിടയില്‍ വിദ്യാര്‍ത്ഥികളെ പഠനത്തിന് തയ്യാറാക്കുക എന്നതും അധിക ചുമതലയായി മാറിയിരിക്കുന്നു. എസ്.പി റോബോട്ടിക് വര്‍ക്ക്‌സിന്റെ സര്‍വ്വേയിലൂടെ ലഭിച്ച പ്രതികരണം രക്ഷിതാക്കളുടെ വരുമാന ശ്രോതസുമായും വ്യത്യാസപ്പെട്ടിരിക്കുന്നു.
മാസ ശമ്പളക്കാരായ രക്ഷിതാക്കളില്‍ 83 ശതമാനം പേരും കോവിഡ് പൂര്‍ണമായി ഇല്ലാതാകുന്നതുവരെ തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ട എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച ദിവസ വേദനക്കാരായ മാതാപിതാക്കള്‍ വെറും 44 ശതമാനമാണ്. ഇതിന് പ്രധാന കാരണം സാമ്പത്തികം തന്നെയാണ്.
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ല. കോവിഡ് വ്യാപനവും അതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണും ഇന്ത്യയില്‍ 702 കോടി ജനങ്ങള്‍ക്കാണ് തൊഴില്‍ ഇല്ലാതാക്കിയത്. ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 27.11 ശതമാനം ആയി ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തുച്ച ശമ്പളക്കാരായ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ക്കായി വീട്ടില്‍ പഠന സൗകര്യങ്ങല്‍ ഒരുക്കുക എന്നതും വലിയ കടമ്പയാണ്.
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള, വിദ്യാസമ്പന്നരായ രാക്ഷിതാക്കള്‍ ഉള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞാല്‍ മാതാപിതാക്കളെ ആശ്രയിച്ച് പാഠഭാഗത്തെ സംശയങ്ങള്‍ തീര്‍ക്കാനും മറ്റ് പഠന സാഹായി ആപ്പുകള്‍ ഉപയോഗിച്ച് പഠിക്കാനും സാധിക്കും. എന്നാല്‍ മറ്റുള്ളവരുടെ അവസ്ഥ ഇതല്ല.
സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പലവിധ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന ഒരു വിഭാഗം രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് വീടിനുള്ളില്‍ നല്ല പഠനാന്തരീക്ഷം സജ്ജമാക്കുക എന്നത് ഒരു അധിക ചുമതലയായി മാറുന്നു. വീടിനകത്തെ ചുറ്റുപാടില്‍ പലര്‍ക്കും നിയന്ത്രണം വിടുന്നതും ഇതിന്റെ ഫലമാണ്. ഈ പിരിമുറുക്കം കുട്ടികളിലും മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും ഇടയാക്കിയേക്കാം.
അതേസമയം മാസ ശമ്പളക്കാരായ മാതാപിതാക്കളുടെ പ്രതികരണം ഓണ്‍ലൈന്‍ ക്ലാസുകളാണ് സ്‌കൂളിനേക്കാള്‍ മികച്ചത് എന്ന് അര്‍ത്ഥമാക്കുന്നില്ല. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ പഴയപോലെ സ്‌കൂളുകളില്‍ പോകണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കോവിഡ് സാഹചര്യമാണ് ഈ വര്‍ഷം തങ്ങളുടെ കുട്ടികള്‍ വീട്ടില്‍ ഇരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്. വിദ്യാര്‍ത്ഥികളും കോവിഡ് പ്രതിസന്ധികള്‍ മാറി മുന്‍പത്തെ പോലെ സ്‌കൂളിലേക്ക് പോകണം എന്ന് ആഗ്രഹിക്കുന്നവരാണ്.