തിരുവനന്തപുരം: പന്തളത്തെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കീഴ്ഘടങ്ങളിലെ പരിശോധനയ്ക്ക് സിപിഐഎം. ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്തു. ഒരു മാസം കൊണ്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കുമെന്നും പുതിയ ഏഴു പേരെ കണ്ടെത്തുമെന്നുമാണ് താക്കീത്. ഏരിയ കമ്മിറ്റി അംഗങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തനം പരിശോധിക്കും. പന്തളത്ത് കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനവും സിപിഐഎം പരിശോധിക്കും.
നഗരസഭയില്‍ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്. തോല്‍വിയുമായി ബന്ധപ്പെട്ട് നേരത്തെ ഏരിയ കമ്മറ്റി സെക്രട്ടറി ഇ ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തോല്‍വിക്ക് കാരണം സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹര്‍ഷാകുമാറിനാണ് പുതിയ ചുമതല.
അതേസമയം പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും എസ്.ഡി.പി.ഐയുമായുള്ള ബന്ധവുമാണ് തോല്‍വിക്ക് കാരണമെന്ന് ഒരു വിഭാഗം അണികള്‍ പറയുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ എടുത്ത തീരുമാനമാണ് തോല്‍പ്പിച്ചതെന്നാണ് ബഹുഭൂരിപക്ഷം അണികളുടേയും വിശ്വാസം.