പത്തനംതിട്ട: പമ്പ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. രണ്ട് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. പത്തനംതിട്ടയില്‍ അതീവജാഗ്രത തുടരുകയാണ്. റാന്നിയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ട്. പമ്പ, കക്കാട്ടാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഒന്‍പത് മണിക്കൂര്‍ തുറന്നുവെക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് 25 വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. ആറന്മുളയില്‍ ആറ്, തിരുവല്ലയില്‍ അഞ്ച്, അടൂരില്‍ രണ്ട്, റാന്നിയില്‍ മൂന്ന് വള്ളങ്ങളും 8 കുട്ടവഞ്ചികളും, ടൗണില്‍ 19 ബോട്ടുകള്‍, പന്തളത്ത് രണ്ട്, തുമ്പമണില്‍ ഒരു വള്ളം എന്നിങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സജി ചെറിയാന്‍ എം എല്‍ എ അറിയിച്ചു. പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും മെഡിക്കല്‍ ടീമുമെല്ലാം സജ്ജമായി കഴിഞ്ഞു. 120ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. നൂറോളം ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ആളുകളെ മാറ്റിക്കഴിഞ്ഞു. പതിനായരക്കണക്കിന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിയെന്നും സജി ചെറിയാന്‍ പറഞ്ഞു.