Web desk
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നാല്‍പത്തിയൊന്ന്’സിനിമയിലെ അതിമനോഹരമായ ഗാനമാണ് അയ്യനയ്യന്‍..ശബരിമല അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ ശരത് ആണ്. തത്വമസി എന്ന ഈ ഗാനത്തെയും സംഗീത സംവിധായകനെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് ശരത്. ദിവസവും ഇഷ്ടപ്പെട്ട ഗാനങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുന്ന സംഗീതജ്ഞന്‍ ഇത്തവണ ബിജിബാലിന്റെ ഈ മനോഹര ഗാനത്തെയാണ് പരിചയപ്പെടുത്തിയത്. വീഡിയോയില്‍ അവസാനം ആ ഗാനം ആലപിക്കുന്നുമുണ്ട്. തനിക്ക് കിട്ടിയ ബഹുമതി എന്നാണ് ബിജിപാല്‍ പ്രതികരിച്ചത്. ശരതിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് സംഗീതജ്ഞന്‍ നന്ദി അറിയിച്ചത്.
ശരതിന്റെ വാക്കുകള്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഗീത സംവിധായകന്‍ അഫ്‌സലിന്റെ വീട്ടിലാണെന്ന് തോന്നുന്നു. അവിടെ കുറച്ച് ചെറുപ്പക്കാരുണ്ടായിരുന്നു. ഞാന്‍ പോകുമ്പോഴൊക്കെ ശരത്തേട്ടാ…എന്ന് വിളിച്ച് എല്ലാവരും എനിക്ക് ഒരുപാട് സ്‌നേഹം തരുമായിരുന്നു. അക്കൂട്ടത്തില്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്ന, എനിക്ക് മാനസികമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ബിജിബാല്‍.
ജീവിതത്തില്‍ എന്തുകൊണ്ട് സ്‌നേഹിക്കുന്നു എന്ന് അറിയാത്ത ബന്ധങ്ങള്‍ കാണും. പക്ഷേ അതിനൊക്കെ ഒരര്‍ത്ഥം ഉണ്ടാവും. അത് ദൈവത്തിനറിയാം. അങ്ങനെയൊരാളാണ് ബിജിബാല്‍.
മമ്മൂട്ടി നായകനായ വര്‍ഷം എന്ന ചിത്രത്തില്‍ ബിജിബാലിന് വേണ്ടി ‘കരിമുകിലുകള്‍’ എന്ന ഗാനം ഞാന്‍ പാടിയിട്ടുണ്ട്. നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിലെ ഗാനം ബിജി കമ്പോസ് ചെയ്തിരിക്കുന്നത് വിജയശ്രീ എന്ന രാഗത്തിലാണ്. ബിജിപാല്‍, റഫീക്ക് അഹമ്മദ്, ലാല്‍ ജോസ്…ഈ മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ഈ ഗാനം പാടാന്‍ ഞാന്‍ തയ്യാറായത്.
ഈ പാട്ട് പാടുമ്പോള്‍ മനസ്സിന് വല്ലാത്തൊരു അനുഭൂതിയായിരുന്നു. സാക്ഷാല്‍ അയ്യപ്പന്റെ മുന്‍പില്‍ ഞാന്‍ മാത്രം നിന്ന് പാടുന്ന ഒരു ഫീല്‍ ആയിരുന്നു എനിക്ക്. ഇതുപോലെ നല്ല ഗാനങ്ങള്‍ ബിജിബാല്‍ ചെയ്യണം. കാലത്തിനെ കൊണ്ട് മായ്ക്കാന്‍ പറ്റാത്തത് കമ്പോസ് ചെയ്യു ബിജീ…അതാണ് വേണ്ടത്.