പത്തനംതിട്ട:കനത്ത മഴയില്‍ പമ്പ അണക്കെട്ട് നിറഞ്ഞു. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിംഗ് പ്രകാരം 983.45 മീറ്ററില്‍ സ്ഥിരമായി നില്‍ക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി നില്‍ക്കാന്‍ കാരണം പമ്പ റിസര്‍വോയറിനെയും കക്കി റിസര്‍വോയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ വെള്ളം പുറംതള്ളുന്നതാണ്. ഇത്തരത്തില്‍ പമ്പയില്‍ നിന്ന് കക്കിയിലേക്ക് പുറംതള്ളുന്നത് 70 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡ് വെള്ളമാണ്. നിലവില്‍ പമ്പ ഡാമിലെ വൃഷ്ടിപ്രദേശത്ത് നിന്നും ലഭിക്കുന്നതും 70 ക്യൂബിക് മീറ്റര്‍ വെള്ളമാണ്.
അതേസമയം, പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തു താമസിക്കുന്നവരും റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
പമ്പ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാം ഇന്ന് തുറക്കേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. പമ്പ ചെറിയ ഡാം ആയതിനാല്‍ തുറന്നുവിടുന്നത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറഞ്ഞു.ഇടുക്കി ഉള്‍പ്പടെ പ്രധാന ഡാമുകളില്‍ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നുണ്ട്. എന്നാല്‍ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.











