കൊവിഡ് ബാധിച്ച് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയും അവസാനമായി കാണാന്‍ പാടുപെടുന്ന മകന്റെ കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഈ വര്‍ഷത്തെ അടയാളപ്പെടുത്തിയ ചിത്രം എന്നാണ് വിലയിരുത്തലുകള്‍. വെസ്റ്റ്ബാങ്കിലെ ആശുപത്രിയുടെ മുകള്‍നിലയിലെ ജനാലപ്പടിയിലിരിക്കുന്ന ജിഹാദ് അല്‍ സുവൈത്തി എന്ന പലസ്തീനി യുവാവിന്റെ ചിത്രം മാസങ്ങള്‍ക്ക് മുന്‍പ് ഹൃദയഭേദക കാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
അദേഹത്തിന്റെ വൃദ്ധമാതാവ് റസ്മ സലീമ കൊവിഡ് ബാധിച്ച് അകത്ത് ആശുപത്രി മുറിയില്‍ ചികിത്സയിലായിരുന്നു. അര്‍ബുദത്തിന് പിന്നാലെ മഹാമാരിയും പിടികൂടി അത്യാസന്ന നിലയിലായിരുന്ന ഉമ്മയെ കാണാന്‍ ആശുപത്രിയില്‍ കര്‍ശന സന്ദര്‍ശക വിലക്കുണ്ടായിരുന്നു. പക്ഷേ എല്ലാ ദിവസവും ജിഹാദ് അല്‍ സുവൈത്തി ഭിത്തിയിലൂടെ അള്ളിപ്പിടിച്ച് കയറി ജനാലയ്ക്കലെത്തി. ചില്ലുജാലകത്തിനിപ്പുറം ഉമ്മയ്ക്ക് കാവലിരുന്നു. പകലുകളില്‍ ഏറെ നേരവും അവനവിടെത്തന്നെ ചിലവിട്ടു. ഉമ്മ ഉറങ്ങിയതിന് ശേഷം മാത്രം തിരിച്ചിറങ്ങി. ജിഹാദിന്റെ കാത്തിരിപ്പ് വിഫലമാക്കി ഒരു ദിവസം റസ്മ സലീമ പോയി.
‘പതിനായിരങ്ങള്‍ പങ്കുവച്ച ഈ കണ്ണീര്‍ച്ചിത്രം ഈ ഗതികെട്ട കാലത്തെ അടയാളപ്പെടുത്താന്‍ ഈ പേജിലും കിടന്നോട്ടെ. മനുഷ്യരിലും സ്‌നേഹത്തിലുമുള്ള പ്രതീക്ഷയായി ഫേസ്ബുക്ക് മെമ്മറി എല്ലാക്കൊല്ലവും ഓര്‍മിപ്പിക്കുമല്ലോ’ എന്ന അടിക്കുറിപ്പോടെ സഫ ആര്‍ട്ട് പ്രസിദ്ധീകരിച്ച രേഖചിത്രം മണിക്കൂറുകള്‍ കൊണ്ട് നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.