ഒന്നര പതിറ്റാണ്ടിനുശേഷം പലസ്തീൻ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. പ്രധാന രണ്ടു പക്ഷങ്ങൾ ഫത്തയും ഹമാസും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി അൽ – ജസീറ റിപ്പോർട്ട് ചെയ്തു. ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും. ഫത്തയുടെ പലസ്തീൻ അഥോററ്റി നേതാവ് മഹമൂദ് അബ്ബാസും ഹമാസ് നേതാവ് ഇസ്മയിൽ ഹാനിയയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ടർക്കിൽ വച്ചു നടന്ന യോഗത്തിലാണ് ഇരുപക്ഷങ്ങളും തെരഞ്ഞെടുപ്പ് നടത്തുവാനുള്ള കരാറിലെത്തിയതെന്ന് ഹമാസ് ഉന്നത ഉദ്യോഗസ്ഥൻ സല- അൽ അറോരി പറഞ്ഞു.
ആദ്യം ലെജിസ്ലേറ്റിവ് തെരഞ്ഞെടുപ്പ്. ശേഷം പലസ്തീൻ അഥോററ്റി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്. അവസാനം പലസ്തീൻ വിമോചന സംഘടനയുടെ കേന്ദ്ര കൗൺസിൽ തെരഞ്ഞെടുപ്പ് – ഫത്തയുടെ മുതിർന്ന നേതാവ് ജിബ്രിൽ റെജോബ് വിശദീകരിച്ചു. ഏറ്റവുമൊടുവിൽ 2006ലായിരുന്നു പലസ്തീൻ തെരഞ്ഞെടുപ്പ്. അപ്രതീക്ഷിതമായി അന്ന് ഹമാസിനായിരുന്നു വിജയം.
“ഈ വേള ഞങ്ങൾക്കിടയിൽ കറ കളത്ത അഭിപ്രായ ഐക്യമാണ് രൂപപ്പെട്ടിട്ടുള്ളത്. അഭിപ്രായ ഭിന്നത ഞങ്ങളുടെ ഉദ്ദേശ്യത്തിന് ഗുണം ചെയ്യുന്നില്ല. അഭിപ്രായ ഭിന്നതകൾക്ക് അറുതിയിടുവാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ”, ജിബ്രിൽ റെജോബ് കൂട്ടിചേർത്തു.
ജെറുസലേമും ഉപരോധിക്കപ്പെട്ടിട്ടുള്ള ഗാസ മുനമ്പും ഒഴിവാക്കിയുള്ള തെരഞ്ഞടിപ്പില്ലെന്ന പ്രഖ്യാപിത നിലപാടിൽ നിന്ന് തങ്ങൾക്ക് മാറ്റമില്ലെന്നു തന്നെയാണ് ഫത്ത നേതൃത്വം ആവൃത്തിക്കുന്നത്. ജെറുസലേമില്ലാതെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നാണ് ഫത്ത കേന്ദ്ര കൗൺസിൽ അംഗം അസം ആൽ അഹമ്മദ് ഉറപ്പിച്ചുപറയുന്നത്. ഹമാസുമായുള്ള ചര്‍ച്ച ഫലപ്രദവും ക്രിയാത്മകവും സൃഷ്ടിപരവുമായിരുന്നുവെന്നാണ് ഫത്ത ഉന്നത നേതൃത്വത്തിന് പറയാനുള്ളത്.
അനുരഞ്ജനത്തിലേക്കും പങ്കാളിത്തത്തിലേക്കുമുള്ള സുപ്രധാന നടപടിയാണ് ഈ സംഭാഷണം. പലസ്തീൻ ലക്ഷ്യത്തിനെതിരായ എല്ലാ പദ്ധതികളും തള്ളികളയുകയാണ്. സമവായത്തിന്റെ വെളിച്ചത്തിൽ പലസ്തീൻ നിലപാടുകളെ ഏകീകരിക്കുകയാണ് – ഫത്തയുടെ കേന്ദ്രകമ്മിറ്റി അംഗം ഹുസൈൻ അൽ-ഷെയ്ക്ക് ട്വിറ്ററിൽ കുറിച്ചു. .
പൊതുതെരഞ്ഞെടുപ്പ് നടത്താൻ സമ്മതിച്ച ഫത്തയും ഹമാസും തമ്മിൽ ഇസ്താംബൂളിൽ നടന്ന സംഭാഷണത്തിലെ അനുകൂല അന്തരീക്ഷത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പലസ്തീൻ അഥോററ്റി പ്രധാനമന്ത്രി മുഹമ്മദ് ത്വയ്യെ പറഞ്ഞു.