കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെ പ്രതിചേര്‍ത്ത് വിജിലന്‍സ്. നിര്‍മാണ കരാര്‍ നല്‍കുമ്പോള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. പത്താംപ്രതിയാണ് ഇദ്ദേഹം.
കരാറുകാരനില്‍ നിന്ന് സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി, കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് സംഘത്തിന്റെ നടപടി.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂറായി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയത്.
കരാര്‍ കമ്പനി എംഡിയും തങ്കച്ചനും സൂരജും അടക്കം നേരത്തെ എട്ട് പേരെയാണ് കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇന്നലെ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.












