കൊച്ചി: വിവാദമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. തൂണുകള്‍ക്ക് ഇടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രിയിലാണ് ഈ ജോലികള്‍ നടക്കുന്നത്.
35 ടണ്ണോളം ഭാരമുള്ള ഗര്‍ഡറുകള്‍ വലിയ വാഹനത്തിലെച്ചാണ് യന്ത്ര സഹായത്തോടെ പാലത്തിലേക്ക് സ്ഥാപിക്കുന്നത്. രാത്രിയില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോഴും വാഹന ഗതാഗതം ഭാഗികമായി മാത്രമാണ് നിയന്ത്രിച്ചത്. ഒക്ടോബര്‍ എട്ടിനായിരുന്നു പഴയ ഗാര്‍ഡറുകള്‍ മാറ്റി തുടങ്ങിയത്. രണ്ട് മാസമാകുമ്പോഴേക്കും പുതിയ ഗര്‍ഡര്‍ തൂണുകള്‍ക്കിടയില്‍ സ്ഥാപിക്കാനും ആരംഭിച്ചു.
അഞ്ച് ആറ് തൂണുകള്‍ക്കിടയിലെ ആറില്‍ നാല് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലിയാണ് പുലര്‍ച്ചയോടെ പൂര്‍ത്തിയായത്. മുറിച്ച് നീക്കിയ പതിനെട്ടില്‍ 8 പിയര്‍ ക്യാപ്പുകളുടെയും പണികള്‍ പൂര്‍ത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗര്‍ഡറുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. പാലം പൊളിക്കുന്നതിനൊപ്പം ഡിഎംആര്‍സിയുടെ കളമശ്ശേരിയിലെ യാര്‍ഡില്‍ പുതിയ ഗര്‍ഡറുകളുടെ നിര്‍മാണവും പുരോഗമിച്ച് വരികയാണ്.











