കൊല്ലം: നിലമ്പൂരില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ കുന്നുമ്മല്‍ അബ്ദു, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 11 ഓടെ മുണ്ടേരിയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി ആക്രമിക്കാന്‍ ശ്രമിച്ചത്. മുണ്ടേരി കവലയില്‍ എംഎല്‍എയുടെ കാറ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ച എംഎല്‍എയുടെ ഗണ്‍മാനും മര്‍ദനമേറ്റു. പോത്തുകല്‍ പൊലീസ് എത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
എംഎല്‍എക്ക് നേരെയുള്ള വധശ്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.രണ്ടിടത്ത് വെച്ച് അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. രാത്രി എന്താണ് ഈ നാട്ടില്‍, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു ഭീഷണിയെന്നും എംഎല്‍എ പറഞ്ഞു.
തന്റെ കാര്‍ തടഞ്ഞ അക്രമിസംഘം തന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മര്‍ദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ കണ്ണൂരില്‍ നിന്ന് എംഎല്‍എയെ വധിക്കാനെത്തിയ എത്തിയ ആര്‍എസ്എസ് സംഘത്തെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു