തിരുവനന്തപുരം: നാലുവര്‍ഷംകൊണ്ട് പി.എസ്.സി നിയമനങ്ങളില്‍ റെക്കോഡ് സൃഷ്ടിച്ചെന്ന ഇടതുസര്‍ക്കാര്‍ വാദത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാരിന്റെ വാദം വസ്തുതാപരമല്ലെന്നും പുറംവാതില്‍ നിയമനത്തിലാണ് സര്‍ക്കാര്‍ റെക്കോഡിട്ടതെന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചു.
പി.എസ്.സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും പുറംവാതില്‍ നിയമനങ്ങള്‍ നടത്തിയതിലെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മറുപടിയായി മുഖ്യമന്ത്രി നിരത്തിയ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,33,000 പേരെ നിയമിച്ചു റെക്കോഡിട്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെന്നും എന്നാല്‍ യുഡിഎഫ് 4 വര്‍ഷം കൊണ്ട് 1,42,000 പേരെയും 5 വര്‍ഷം കൊണ്ട് 1,58,680 പേരെയുമാണ് നിയമിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.എസ്.സിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനേകായിരം പേര്‍ക്കാണ് അവരുടേതല്ലാത്ത കാരണത്താല്‍ പി.എസ്.സി നിയമനം നിഷേധിച്ചതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ബിടെക്കുകാര്‍ തൊഴിലുറപ്പ് പദ്ധതിക്കു പോകുകയും പത്താംക്ലാസ് പോലും പാസാകാത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുകയും സ്വജനങ്ങളെ അസ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്യുന്ന പുതിയ തൊഴില്‍ സംസ്‌കാരമാണ് ഇടതുസര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു.