ന്യൂഡല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും വാര്‍ത്താ പോര്‍ട്ടലുകളും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും അത് ബാധകമാണ്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമാകും.
സിനിമകളുടെ ഒ.ടി.ടി റിലീസ്, ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ വഴിയുള്ള ഓഡിയോ, വിഷ്വല്‍ പരിപാടികള്‍, ഓണ്‍ലൈന്‍ വാര്‍ത്തകള്‍, കറന്റ് അഫയേഴ്സ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ ടി വി ചാനലുകള്‍ക്കും പരമ്പരാഗത അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കും ബാധകമായ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി ബാധകമാകും.
നിലവില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്സ്, ഹോട്സ്റ്റാര്‍ തുടങ്ങിയവയില്‍ വരുന്ന ഉള്ളടക്കത്തിന് സെന്‍സറിംഗ് ഉള്‍പ്പടെയുള്ള ഒരു നിയന്ത്രണങ്ങളും ബാധകമല്ല. ഇതുവരെ ഡിജിറ്റല്‍ കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് കാര്യക്ഷമമായ നിയമമോ സ്വയംഭരണാധികാരമുള്ള സമിതിയോ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും മറ്റും ആരംഭിക്കാന്‍ നിലവില്‍ കാര്യമായ നിയമ നടപടികളൊന്നും പൂര്‍ത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സൂചിപ്പിക്കുന്നത്.
ഹോട്സ്റ്റാര്‍, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ സര്‍വീസുകള്‍ക്കും ഒടിടി പ്ലാറ്റുഫോമുകളില്‍ വരുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സ്വയംഭരണാധികാരമുള്ള സമിതിയെ നിയമിക്കുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരുന്നത്.