ദുബായ്: ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്നുകൊണ്ട് നിര്‍മ്മിച്ച മ്യൂസിക് വീഡിയോ ലോക സമാധാനത്തിനായി സമര്‍പ്പിച്ച് പ്രവാസി മലയാളികള്‍. യുഎസ്, ദുബായ്, കേരള, ചെന്നൈ എന്നിവിടങ്ങളിലെ മലയാളി സംഗീത പ്രേമികളാണ് ‘ചിങ്ങപ്പൂപ്പൊലി’ എന്ന സംഗീത ആല്‍ബം ഇറക്കിയത്.
അമേരിക്കന്‍ മലാളിയായ ദീപക് വര്‍മ, ഭാര്യ ശ്രുതിക്കും മകള്‍ ലയയ്ക്കുമൊപ്പമാണ് ഈ ആല്‍ബം പാടി അഭിനയിച്ചത്. ആദിയുടേയും വ്യാദിയുടേയും കര്‍ക്കിടകം മാറി ചിങ്ങം വന്നെന്നും പൊന്നോണം എല്ലാവര്‍ക്കും സമാധാനവും സന്തോഷവും കൊണ്ടുവരുന്നു എന്നുമാണ് ഓരോ വരികളിലൂടെയും പറയുന്നത്.
ഈ വീഡിയോ ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവരാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തില്‍ നിന്ന് പ്രൊ.രാജേന്ദ്രന്‍ ഇത്തരം ഒരു ആശയം പങ്കുവച്ചപ്പോള്‍ ചെന്നൈയിലെ വിനോദ് വര്‍മ അതിന് വരികള്‍ ഒരുക്കുകയായിരുന്നു.
ഗാനം ആലപിച്ച ദീപക് തന്നെയാണ് വരികള്‍ക്ക് ഈണം നല്‍കിയത്. ഓണത്തിന്റെ സന്തോഷവും സ്‌നേഹവും വിളിച്ചോതുന്ന ഈ സംഗീത ആല്‍ബത്തിന് ദുബായില്‍ നിന്ന് ദീപക് വയലിന്‍ വായിച്ചപ്പോള്‍ ദുബായിലെ സജിത്ത് കുമാര്‍ ഒപ്പം മൃതംഗവും ചലിപ്പിച്ചു.
വാക്കുകളിലൂടെ സംഖ്യയെ പ്രത്യേകിച്ച് കൊല്ലത്തെ സൂചിപ്പിക്കുന്ന കടപയാദി അഥവാ പരല്‍പ്പേര് എന്ന രീതി ഈ ആല്‍ബത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പരമ്പരാഗതമായ രീതിയായ കടപയാദിയെ ഓര്‍മ്മിപ്പിക്കാനാണ് ഇത് പാട്ടില്‍ ഉപയോഗിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.













