2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി.
മസ്കറ്റ് : സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി ഒമാന്‍ ഭരണകൂടം. 2022 ല്‍ ക്രൂഡോയില്‍ വില ബാരലിന് 50 ഡോളര്‍ ശരാശരി എന്നു കണക്കാക്കിയുള്ള ബജറ്റാണ് ധനകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. 2021 ല്‍ ബാരലിന് 45 ഡോളര്‍ എന്ന നിലയിലായിരുന്നു.
10.580 മില്യണ്‍ റിയാല്‍ റവന്യു വരുമാനമാണ് ഈ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കുന്നത്. മൊത്തം വരുമാനത്തിന്റെ 68 ശതമാനവും എണ്ണ-പ്രകൃതി വാതകം എന്നിവയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണേതര വരുമാനം 32 ശതമാനമായിരിക്കും. എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് പുതിയ ബജറ്റ്.
കോവിഡ് പ്രതിരോധവും മറ്റു വികസന പദ്ധതികളുടേയും പശ്ചാത്തലത്തില്‍ 12.13 ബില്യണ്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. പൊതു കടം തിരിച്ചടവിന്റേയും മറ്റും ചെലവിലേക്കുള്ള 1.30 ബില്യണ്‍ റിയാല്‍ ഉള്‍പ്പെടുന്നതാണ് ഈ കണക്ക്.
മൊത്തം ചെലവിന്റെ പതിനഞ്ചു ശതമാനമാണ് ധനക്കമ്മി. ജിഡിപിയുടെ അഞ്ചു ശതമാനത്തോളം വരുമിത്. ധനകാര്യ വകുപ്പ് മുന്നോട്ട് വെച്ച മീഡിയം ടേം ഫിസ്‌കല്‍ പ്ലാനിനുള്ളിലാണ് ധനക്കമ്മി എന്നത് ആശ്വാസകരമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
2022 ലെ ധനക്കമ്മി എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് ധനമന്ത്രി സുല്‍ത്താന്‍ സലിം അല്‍ ഹബ്‌സി പറഞ്ഞു. ക്രൂഡോയില്‍ വില ഉയര്‍ന്നു കഴിഞ്ഞാല്‍ നിലവിലെ ധനക്കമ്മി ഇനിയും കുറയുമെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസം, വിദ്യഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നി സുപ്രധാന മേഖലകളിലേക്കുള്ള നീക്കിയിരിപ്പില്‍ മാറ്റം വരുത്തിയിട്ടില്ല.











