മസ്കത്ത്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും സുപ്രിം കമ്മിറ്റി പ്രഖ്യാപിച്ച രാത്രി യാത്ര വിലക്ക് നിലവില്‍വന്നു. രാത്രി എട്ടു മുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് ഒക്‌ടോബര്‍ 24 വരെ വിലക്ക്. ഈ സമയം ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല . വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തനം ആറരയും ഏഴുമണിയും വരെയാക്കി പുനഃക്രമീകരിച്ചു. എട്ട് മണിക്ക് മുമ്പേ പൊലീസിന്റെയും സുരക്ഷ വിഭാഗങ്ങളുടെയും വാഹനങ്ങള്‍ പട്രോളിങ് നടത്തി.യാത്രവിലക്ക് കര്‍ശനമായി നടപ്പാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കും.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും വന്നിറങ്ങുന്ന യാത്രക്കാരും
ടിക്കറ്റ് തെളിവായി കാണിച്ചാല്‍ യാത്രാനുമതി ലഭിക്കുമെന്ന് ആര്‍.ഒ.പി അറിയിച്ചു. വൈദ്യുതി, വെള്ളം, ടെലികോം തുടങ്ങി അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് യാത്രവിലക്ക് ബാധകമായിരിക്കില്ല. ബീച്ചുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബീച്ചുകളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഒരു സമയത്തും പ്രവേശനം പാടില്ലെന്ന് സുപ്രീംകമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പിഴ ഒഴിവാക്കാന്‍ ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പേ താമസ സ്ഥലങ്ങളില്‍ എത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ നേരത്തെ അറിയിച്ചിരുന്നു.ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴിയുള്ള വാര്‍ത്തകളും നിര്‍ദേശങ്ങളും മാത്രമെ വിശ്വസിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ 9999 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
യാത്രവിലക്കില്‍ നിന്ന് ഇളവ് നല്‍കിയിട്ടുള്ള മറ്റു വിഭാഗങ്ങള്‍;
1. ഗാര്‍ബേജ്-സ്വീവേജ് വാഹനങ്ങള്‍, ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് വാഹനങ്ങളും, ഭക്ഷണവും മറ്റ് ഉപഭോക്തൃ ഉല്‍പന്നവുമായുള്ള വാഹനങ്ങള്‍, മത്സ്യം കയറ്റിവരുന്ന വാഹനങ്ങള്‍, എണ്ണ -വാതക -വെള്ള ടാങ്കറുകള്‍.
2. മെഡിക്കല്‍ ജീവനക്കാര്‍ പഴയ വിമാനത്താവളത്തിലെ ഫീല്‍ഡ് ആശുപത്രിയിലെ ജീവനക്കാര്‍.
3. കയറ്റുമതിക്കായുള്ള കണ്ടെയ്‌നറുകളുമായി പോകുന്ന വാഹനങ്ങളും തുറമുഖങ്ങളും റോഡ് അതിര്‍ത്തികളും വഴി ഇറക്കുമതിചെയ്ത സാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ (ട്രക്ക് ഡ്രൈവര്‍മാര്‍ മാത്രം).
4. ആശുപത്രികളിലെ അപ്പോയിന്‍മെന്റും ചികിത്സാവശ്യത്തിനുമുള്ളതടക്കം അടിയന്തര സാഹചര്യങ്ങളിലുള്ള യാത്രകള്‍ (അപ്പോയിന്‍മെന്റ് ലെറ്ററോ എസ്.എം.സോ തെളിവായി ഹാജരാക്കണം).