മസ്കറ്റ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിവിധ വിമാന കമ്പനികള്‍ വിമാന ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യാനുള്ള അവസരം നല്‍കുന്നു. ഒമാന്‍ എയറില്‍ ഈ കാലയളവില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യാന്‍ ഒമാന്‍ എയര്‍ കാള്‍ സെന്ററുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ പറഞ്ഞു. അതത് രാജ്യങ്ങളിലെ കാള്‍ സെന്ററിലാണ് ബുക്കിങ് മാറ്റാന്‍ സമീപിക്കേണ്ടത്.
ഒമാനില്‍ നിന്ന് യാത്ര ചെയ്യുന്നവരോ ഒമാനിലേക്ക് വരുന്നവരോ ആയ യാത്രക്കാര്‍ക്ക് സൗജന്യമായി ബുക്കിങ് മാറ്റാന്‍ എയര്‍ ഇന്ത്യയും അവസരം നല്‍കുന്നുണ്ട്.യാത്ര ബുക്കിങ് സൗജന്യ നിരക്കില്‍ ഒരു പ്രാവശ്യം മാത്രം മാറ്റാനാണ് എയര്‍ ഇന്ത്യ അവസരം നല്‍കുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടണമെന്നും അറിയിപ്പിലുണ്ട്.
കര, വ്യോമ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ 300 ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഡിസംബര്‍ 22ന് അര്‍ധരാത്രി 12ന് ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ 148 വിമാന സര്‍വീസുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നതും 159 വിമാന സര്‍വീസുകള്‍ ഒമാനില്‍ നിന്ന് പുറപ്പെടുന്നവയുമാണ്. എന്നാല്‍ ഒമാനിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. കാര്‍ഗോ സര്‍വീസുകളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.