ഭുവനേശ്വര്‍: ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി പണം നല്‍കാന്‍ തീരുമാനിച്ച് ഒഡീഷ സര്‍ക്കാര്‍. രണ്ടര ലക്ഷം രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വൈകല്യമുളള വ്യക്തികളും സാധാരണക്കാരും തമ്മിലുളള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുളള വിവാഹത്തിന് 50000 രൂപ സര്‍ക്കാര്‍ നേരത്തെ നല്‍കി വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹിക ഐക്യം വര്‍ധിപ്പിക്കുന്നതിനും വൈകല്യമുളള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുത്തുന്നതിനുളള വകുപ്പാണ് ഇത്തരം ഒരാശയം അവതരിപ്പിച്ചത്. ഈ ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവും യഥാക്രമം 21 ഉം 18 ഉം വയസ്സ് പൂര്‍ത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണ്ടതുണ്ട്. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്.