തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയംഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുവെന്നാണ് എംഎല്‍എയുടെ വിശദീകരണം. കക്ഷിനേതാക്കളുടെ പ്രസംഗത്തില്‍ പറഞ്ഞതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ല. ഒറ്റ ചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൊതു അഭിപ്രായത്തെ മാനിച്ച് യോജിക്കുന്നുവെന്നായിരുന്നു സഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം രാജഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം. കാര്‍ഷിക നിയമത്തിനെതിരായ സമരങ്ങളെ പ്രതിരോധിക്കുന്ന ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതായിരുന്നു സഭയിലെ ഒ. രാജഗോപാലിന്റെ നിലപാട്. മുതിര്‍ന്ന നേതാവായ രാജഗോപാലിനോട് ബിജെപി നേരിട്ട് വിശദീകരണം ചോദിക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുളളത്.