Web Desk
ബെല്‍ഗ്രേഡ്: ലോക ഒന്നാംനമ്പര്‍ ടെന്നീസ് തരം നൊവാക് ജോക്കോവിച്ചും ഭാര്യയും കോവിഡ് മുക്തരായി. കോവിഡ് സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷം വീണ്ടും നടത്തിയ പരിശേധനയിലാണ് ഇരുവരുടേയും ഫലം നെഗറ്റീവായത്. റിസള്‍ട്ട് പോസിറ്റീവ് ആയതിനു ശേഷം 10 ദിവസമായി ജോക്കോവിച്ചും ഭാര്യയും ബെല്‍ഗ്രേഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അതേസമയം താരത്തിന്‍റെ കുട്ടികളുടെ പരിശോധനാഫലം നെഗറ്റീവാണ്.
ബാള്‍ക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ജോക്കോവിച്ച് സംഘടിപ്പിച്ച ‘അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്കാണ് ആദ്യം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന്‍റെയും ഭാര്യയുടേയും പരിശോധനാഫലം പോസിറ്റീവായത്. കോവിഡ് വ്യാപനത്തിനിടെ പ്രോട്ടോക്കോള്‍ ലംഘിച്ച് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതോടെ ജോക്കോവിച്ചിനെതിരെ സഹതാരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സാമൂഹിക അകലം പാലിക്കാതെ ബാസ്ക്കറ്റ് ബോള്‍ കളിച്ചതും നിശാപാര്‍ട്ടി സംഘടിപ്പിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ടൂർണമെന്‍റിൽ പങ്കെടുത്തവരിൽ ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം റദ്ദാക്കുകയായിരുന്നു.