സിയോണ്‍: ചൈനയില്‍ നിന്നും അനധികൃതമായി ഉത്തരകൊറിയയിലേക്ക് പ്രവേശിക്കുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരകൊറിയ ഉത്തരവിറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നും കോവിഡ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ദക്ഷിണ മേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ സംവിധാനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യമായതിനാല്‍ ഉത്തരകൊറിയയില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ അത് വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുമന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ലോകത്താകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മൂലം ഒരു കോവിഡ് കേസും പോലും ഉത്തരകൊറിയയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൈനയില്‍ കോവിഡ് വ്യാപനം രീക്ഷമായതിന്റെ ഭാഗമായി ജനുവരിയില്‍ തന്നെ ഉത്തരകൊറിയ ചൈനയുമായുളള ബോര്‍ഡര്‍ അടച്ചിരുന്നു. രാജ്യത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.
എന്നാല്‍ അതിര്‍ത്തികളടച്ചത് ഉത്തരകൊറിയയിലേക്ക് അനധികൃതമായി ചരക്കുകള്‍ കടത്തുന്നത് വര്‍ധിക്കാന്‍ ഇടയാക്കിയെന്നാണ് യുഎസ് ഫോഴ്‌സസ് കൊറിയന്‍ കമാന്‍ഡര്‍ റോബോര്‍ട്ട് അബ്രാംസ് പറയുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് ഉത്തരകൊറിയ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സിനെ വിന്യസിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് അതിര്‍ത്തിയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ വെടിവെച്ചു കൊല്ലുന്നതിനുളള ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും അംബ്രാസ് പറഞ്ഞു.വ്യഴാഴ്ച വാഷിംഗ്ടണില്‍ വെച്ച് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്ഐഎസ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ഉത്തരകൊറിയയില്‍ മയാസ്‌ക് കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.



















