പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലുരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16 ആം തിയതി ജനിച്ചു.ഭീമനാട് യു.പി. സ്‌കൂളില്‍ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂര്‍ മാധവന്‍ നായര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
സോപാന സംഗീതത്തിന്റെ കുലപതി ആയ ഇദ്ദേഹം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭജനമോ പ്രാര്‍ത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാന സംഗീതത്തെ ജനകീയവത്കരിച്ചു. അതിനായി അദ്ദേഹം ‘ജനഹിത സോപാനം’ എന്ന ജനകീയ രൂപം ആവിഷ്‌കരിക്കുകയുണ്ടായി. ‘ദൈവം സര്‍വ്വവ്യാപിയാണ്’ എന്ന ആശയം ഉപയോഗിച്ചാണ് സോപാന സംഗീതത്തെ ക്ഷേത്രത്തിന്റെ പുറത്തേക്ക് അദ്ദേഹം എത്തിച്ചത്.
അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്/ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍/ഗുരുവായൂര്‍ മാഹാത്മ്യം തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആത്മകഥ സോപാനം എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ മങ്കട രവിവര്‍മ്മ ഇദ്ദേഹത്തെ കുറിച്ച് ഒരു ഹ്രസ്വചിത്രം നിര്‍മ്മിച്ചിട്ടുണ്ട്.
അദ്ദേഹം 1952 ല്‍ 36 ആം വയസ്സില്‍ ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. അവര്‍ക്ക് അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടക്കം ഏഴ് പേര്‍ മക്കളായി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ കേരളത്തിലെ അറിയപ്പെടുന്ന സോപാന സംഗീതജ്ഞനാണ്.
1996 ആഗസ്റ്റ് 13 ആം തിയതി പെരിന്തല്‍മണ്ണയിലെ ഒരു ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.