ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘നിവാര്‍’ ചുഴലിക്കാറ്റ് കടലൂര്‍ തീരത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെ വീശുന്നു. രാത്രി എട്ടുമണിക്ക് ശേഷം കരയില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ കരയില്‍ വീശുമെന്ന് മുന്നറിയിപ്പുണ്ട്.
ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴയും കാറ്റുമാണ്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മടിപ്പാക്കം, ആടംബാക്കം, വേളാഞ്ചേരി, നംഗല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ചെന്നൈ ചെമ്പരപാക്കം തടാകത്തില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. 3,000 ഘന അടിയില്‍ നിന്നും 5,000 അടി ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളം നാളെ രാവിലെ വരെ അടച്ചിട്ടു. 27 ട്രെയിനുകളും 12 വിമാനങ്ങളും റദ്ദാക്കി. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ ഈറോഡ് വരെ മാത്രം സര്‍വീസ് നടത്തും. എറണാകുളം കാരക്കല്‍ എക്സ്പ്രസ് ട്രെയിന്‍ തിരുച്ചിറപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
ചെന്നൈയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എന്‍പിആര്‍എഫ് സേനാംഗങ്ങളെയും വിന്യസിച്ചു.