മുംബൈ: ഓഹരി വിപണി ഇന്ന് പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. എന്നാല്‍ ശക്തമായ ചാഞ്ചാട്ടമാണ് വ്യാപാരത്തിനിനിടെ ഉണ്ടായത്. 44 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 13,558 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 154 പോയിന്റ് ഉയര്‍ന്ന 46,253ല്‍ ക്ലോസ് ചെയ്‌തു.
രാവിലെ 11,597 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റിക്ക് 11,600ലുള്ള പ്രതിരോധത്തെ ഭേദിക്കാന്‍ സാധിച്ചില്ല. അവിടെ നിന്ന് 13,472 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും വീണ്ടും 11,550 പോയിന്റിന് മുകളിലേക്ക് തിരികെ ഉയര്‍ന്നു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തുന്നത് തുടരുകയാണ്. അതേസമയം യുഎസിലെയും യൂറോപ്പിലെയും കോവിഡ് വ്യാപനവും യൂറോപ്യന്‍ യൂണിയനുമായി കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കാനുള്ള സാധ്യതയും ഒത്തുതീര്‍പ്പിലെത്താനാകാതെ തുടരുന്ന കര്‍ഷക പ്രക്ഷോഭവും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
മെറ്റല്‍, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്നും ഉയര്‍ന്നത്. നിഫ്‌റ്റി ഓഹരികളില്‍ ഒഎന്‍ജിസിയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ഒഎന്‍ജിസിയുടെ മുന്നേറ്റത്തിന് കാരണം.
നിഫ്‌റ്റി മെറ്റല്‍ സൂചിക 1.38 ശതമാനവും നിഫ്‌റ്റി പിഎസ് യു ബാങ്ക് സൂചിക 1.77 ശതമാനവും ഉയര്‍ന്നു. അതേ സമയം ഓട്ടോ ഓഹരികള്‍ ഇടിവ് നേരിട്ടു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 31 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 19 ഓഹരികളാണ് നഷ്‌ടത്തിലായത്. ഒഎന്‍ജിസി, എല്‍&ടി, സിപ്ല, കോള്‍ ഇന്ത്യ, ഐഒസി എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഒഎന്‍ജിസി, എല്‍&ടി, സിപ്ല, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.




















