മുംബൈ: ഓഹരി വിപണി ഡിസംബറിലെ വ്യാപാരം മുന്നേറ്റത്തോടെ തുടങ്ങി. ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഓഹരി വിപണി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തി. നിഫ്‌റ്റി വീണ്ടും 13,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്‌തു.
രണ്ടാം ത്രൈമാസത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നിലയില്‍ ജിഡിപി എത്തിയത് ഓഹരി വിപണിയില്‍ മുന്നേറ്റത്തിന് വഴിവെച്ചു. മിക്കവാറും എല്ലാ മേഖലകളും ഇന്ന് മുന്നേറ്റത്തില്‍ പങ്കുകൊണ്ടു. റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് ഇന്ന് ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയത്.
സെന്‍സെക്‌സ് 505 പോയിന്റും നിഫ്‌റ്റി 140 പോയിന്റും ആണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 44259.74 പോയിന്റിലും നിഫ്‌റ്റി 12987.00 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്‌റ്റിയില്‍ 150 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,962 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഓട്ടോ, ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.65 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.74 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 1.87 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 1.07 ശതമാനവും ഉയര്‍ന്നു.
ഉത്സവ സീസണിലെ മികച്ച ഡിമാന്റ് ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് തുണയായി. വിവിധ വാഹന നിര്‍മാണ കമ്പനികളുടെ വില്‍പ്പന നവംബറില്‍ ഉയര്‍ന്നു. വാഹന വില്‍പ്പനയിലെ വളര്‍ച്ച നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇത് കഴിഞ്ഞയാഴ്‌ച ഓട്ടോ ഓഹരികളുടെ കുതിപ്പില്‍ പ്രതിഫലിച്ചിരുന്നു. ഇന്നും ഓട്ടോ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഓട്ടോ സൂചിക ഇന്ന് 1.07 ശതമാനമാണ് ഉയര്‍ന്നത്.
അടുത്ത വര്‍ഷം ഭവനങ്ങള്‍ക്കുള്ള ഡിമാന്റ് മെച്ചപ്പെടുമെന്ന റിപ്പോര്‍ട്ട് കണ്‍സ്‌ട്രക്ഷന്‍ അനുബന്ധിത ഓഹരികളുടെ വില ഉയരുന്നതിന് വഴിവെച്ചു. റിയല്‍ എസ്റ്റേറ്റ് ഓഹരികളായ ഡിഎല്‍ഫ് നാല് ശതമാനവും ഗോദ് റെജ് പ്രോപ്പര്‍ട്ടീസ് 5 ശതമാനവും ഉയര്‍ന്നു. സിമന്റ് ഓഹരികളായ എസിസി, അള്‍ട്രാടെക്, ശ്രീ സിമന്റ്‌സ് എന്നിവ മൂന്ന് ശതമാനം മുതല്‍ 5 ശതമാനം വരെ മുന്നേറി. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഓഹരികളായ ഹാവെല്‍സ് 5 ശതമാനവും വി-ഗാര്‍ഡ് മൂന്ന് ശതമാനവും നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 37 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 13 ഓഹരികളാണ് നഷ്‌ടത്തിലായത്. ഗെയില്‍, സണ്‍ ഫാര്‍മ, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, യുപിഎല്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.



















