തിരുവനന്തപുരം: വയനാട്ടില്‍ നിന്ന് നെയ്യാറിലേക്ക് കൊണ്ടുപോയ കടുവ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടു. കടുവയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ശക്തമാക്കി. ജനവാസമേഖലയിലേക്ക് കടന്നിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് പത്ത് വയസ് പ്രായമുളള പെണ്‍കടുവയെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചത്. വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി പടര്‍ത്തിയ കടുവ മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പിന്റെ കെണിയില്‍ വീണത്. വയനാട്ടില്‍ വച്ച് പത്തോളം ആടുകളെ കടിച്ച് തിന്നിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ കടുവയ്ക്ക് വേണ്ട ചികിത്സ നല്‍കിയ ശേഷം നെയ്യാറിലേക്ക് കൊണ്ടുവരികയായിരുന്നു. ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടിരിക്കുന്നത്. കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ തന്നെയുണ്ടാവുമെന്നും ഇവിടം വിട്ട് ജനവാസ മേഖലയിലേക്ക് പോകാന്‍ സാദ്ധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോണ്‍ ക്യാമറയടക്കമുള്ള സംവിധാനങ്ങള്‍ പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്.
നെയ്യാര്‍ സഫാരി പാര്‍ക്കിലുളള രണ്ട് സിംഹങ്ങളും സുരക്ഷിതരാണെന്നും അവ രണ്ടും കൂട്ടിലുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വെറ്റിനറി ഡോക്ടര്‍ അടക്കമുളള സംഘം നെയ്യാറിലെത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.