കോഴിക്കോട്: ന്യൂസിലന്റില്‍ ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
https://www.facebook.com/kkshailaja/posts/3500441860043770
ന്യൂസിലന്റ് സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയാണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രിയുടെ ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ടാം വട്ടമാണ് പ്രിയങ്ക എംപിയാവുന്നത്.
രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.
എറണാകുളം പറവൂര്‍ സ്വദേശികളാണ് പ്രിയങ്കയുടെ കുടുംബം. ചെന്നൈയിലാണ് പ്രിയങ്ക ജനിച്ചത്. പിന്നീട് കുടുംബം സിംഗപ്പൂരിലേക്ക് പോയി. തുടര്‍ന്നാണ് ന്യുസിലാന്‍ഡില്‍ എത്തുന്നത്. വെല്ലിംഗ്ടണ്‍ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ഡവലപ്മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദവും നേടി. ബിരുദ പഠനകാലം മുതല്‍ സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഓക്ലാന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പേരെടുത്തിരുന്നു. 2006ലാണ് ലേബര്‍ പാര്‍ട്ടിയില്‍ ചേരുന്നത്.
കോവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ന്യൂസിലന്റില്‍ വീണ്ടും അധികാരത്തിലെത്തിയത്. 120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു.