തിരുവനന്തപുരം: കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തെക്കുറിച്ച് സംസ്ഥാനത്ത് പഠനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 14 ജില്ലകളില്‍ നിന്നുമുള്ള സാമ്പിളുകള്‍ പരിശോധിക്കും. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകള്‍, ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വന്‍സിങ് ചെയ്യും.
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഡല്‍ഹി ആസ്ഥാനമായ ജിനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം. ആര്‍എന്‍എ വൈറസിന്റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം.
കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്. പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തിയാണ് പുതിയ പഠനം. 68ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക.











