തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതിയില്‍പ്പെട്ട 34 സ്‌കൂളുകളുടെ ഉദ്ഘാടനം ബുധനാഴ്ച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പത്ത് ജില്ലകളിലെ 34 മണ്ഡലങ്ങളിലെ സ്‌കൂളുകളാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് (8), കണ്ണൂര്‍ (5), തിരുവനന്തപുരം (4), കൊല്ലം (4), കോട്ടയം (3), എറണാകുളം (4), മലപ്പുറം (2), ഇടുക്കി (2), ആലപ്പുഴ (1), തൃശ്ശൂര്‍ (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്‌കൂളുകളുടെ എണ്ണം. ഈ സ്‌കൂളുകളില്‍ മാത്രം 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികള്‍, കിച്ചണ്‍ ബ്ലോക്ക്, ഡൈനിംഗ് ഹാള്‍, ടോയിലെറ്റ് ബ്ലോക്കുകള്‍, ലബോറട്ടറികള്‍, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബറില്‍ 200 സ്‌കൂളുകള്‍ കൈമാറാന്‍ കൈറ്റ് നടപടികള്‍ സ്വീകരിച്ചതായി സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
നിയോജകമണ്ഡലത്തില്‍ ഒന്ന് എന്ന രീതിയില്‍ അഞ്ച് കോടി രൂപയുടെ വീതം അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ 141 സ്‌കൂളുകളില്‍ കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. പല മണ്ഡലങ്ങളിലും കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപയ്ക്ക് ഉപരിയായി എം.എല്‍.എ. ഫണ്ടുള്‍പ്പെടെ പ്രാദേശികമായി കണ്ടെത്തിയിട്ടുണ്ട്.