ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ എൻ.ഡി.എ മുന്നണിയിലുള്ള തർക്കം പൊട്ടിത്തെറിയുടെ വക്കിൽ. എൽജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാൻ തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ച് അന്ത്യശാസനം നൽകി.
സീറ്റ് വിഭജനം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ 143 സീറ്റുകളിൽ എൽജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചിരാഗ് പാസ്വാൻ നഡ്ഡയെ അറിയിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഭിന്നതയുള്ള ചിരാഗ് പാസ്വാൻ ജെ.ഡി.യുവിനെതിരെയാകും സ്ഥാനാർഥികളെ നിർത്തുകയെന്നാണ് നഡ്ഡയെ അറിയിച്ചിട്ടുള്ളത്.
‘എൽ.ജെ.പി.യുമായി സഖ്യമില്ലെന്ന് ജെഡിയു അടുത്തിടെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവർക്കെതിരെ എൽജെപിക്ക് സ്ഥാനാർഥിയെ നിർത്താം’ ചിരാഗ് പാസ്വാൻ പറഞ്ഞു.
ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 10-ന് ഫലം പുറത്തുവരും. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നതിലുള്ള കടുത്ത എതിർപ്പ് നേരത്തെ തന്നെ എൽജെപി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകൾ സംബന്ധിച്ച തർക്കവും.