ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ആറു വരെ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധിക്കാലമായതിനാല്‍ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെടും.
കുവൈത്ത് സിറ്റി : ഒരാഴ്ചയിലധികം നീളുന്ന അവധിക്കാലം ആഘോഷിക്കുന്നതിനായുള്ള യാത്രക്കാരുടെ ബാഹുല്യം മൂലം കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ തിരക്ക്.
ഇക്കാലയളവില്‍ 33 അഡീഷണല്‍ വിമാന സര്‍വ്വീസുകള്‍ നടത്തുമെന്ന് കുവൈത്ത് വിമാനത്താവളത്തിലെ ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഫെബ്രുവരി 23 നും മാര്‍ച്ച് ആറിനും ഇടയില്‍ 3190 വിമാന സര്‍വ്വീസുകളാണ് ഓപറേറ്റ് ചെയ്യുക. ഫുള്‍കപ്പാസിറ്റിയില്‍ 6,63,000 യാത്രക്കാരാകും വിമാനത്താവളത്തില്‍ വന്നെത്തുക.
മടക്ക യാത്രകള്‍ക്കായി 1,660 സര്‍വ്വീസുകളും എത്തിച്ചേരുന്നതിനായി 1,550 സര്‍വ്വീസുകളുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയാണ് ഇത്രയും യാത്രക്കാരെ ഉള്‍ക്കൊള്ളിച്ച് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷെമി പറഞ്ഞു.
കോവിഡ് മൂലം പ്രവര്‍ത്തന രഹിതമായിരുന്ന കൗണ്ടറുകളെല്ലാം ഈ അവസരത്തില്‍ തുറക്കും. ടി1, ടി4, ടി 5 എന്നീ ടെര്‍മിനലുകളും പരിപൂര്‍ണ സജ്ജമാണ്.
ദുബായ്.ഷാര്‍ജ, ഇസ്തന്‍ബുള്‍, കെയ്‌റോ, ജെദ്ദ തുടങ്ങിയ ഗള്‍ഫ് മിഡില്‍ ഈസ്റ്റ് നഗരങ്ങളിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കുമാണ് വിമാന സര്‍വ്വീസുകളില്‍ അധികവും.
ഇറ്റലി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഗ്രീസ്, സ്‌പെയിന്‍ എന്നിവയാണ് യൂറോപ്യന്‍ ലക്ഷ്യ കേന്ദ്രങ്ങള്‍. അതേസമയം, റഷ്യ-യുക്രെയിന്‍ യുദ്ധ സാഹചര്യങ്ങളെ തുടര്‍ന്ന് ബാള്‍ടിക്, പഴയ സോവിയറ്റ് നഗരങ്ങളിലേക്ക് യാത്ര ഒഴിവാക്കിയവരാണ് അധികവും.
വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ അഡീഷന്‍ ജീവനക്കാരെയും മറ്റും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ എല്ലാ കൗണ്ടറുകളും ഗേറ്റുകളും ഓപണ്‍ ആയിരിക്കും.