ന്യൂഡല്‍ഹി: പാര്‍ലമെന്റിലെയും നിയമസഭകളിലെയും സ്പീക്കര്‍മാരുടെ ദേശീയ സമ്മേളനം നവംബര്‍ 25, 26 തിയതികളില്‍ നടക്കും. ഗുജറാത്തിലെ കെവാഡിയയില്‍ വച്ചാണ് സമ്മേളനം. കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നും 5 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
‘ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് നിയമനിര്‍മാണസഭയും എക്സിക്യൂട്ടീവും നീതിന്യായ സംവിധാനവും തമ്മിലുള്ള സൗഹാര്‍ദപരമായ ഏകോപനം പരമപ്രധാനം’ എന്നതാണ് ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ മുദ്രാവാക്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
നവംബര്‍ 25 ന് നടക്കുന്ന വാലിഡിക്റ്ററി ഫംഗ്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. വര്‍ഷാവര്‍ഷം രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ വച്ച് നടത്തുന്ന സമ്മേളനം കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് നടന്നത്. ഇപ്രാവശ്യം ഡല്‍ഹിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ച സമ്മേളനം കോവിഡ് പശ്ചാത്തലത്തിലാണ് ഗുജറാത്തിലെ കെവാഡിയയിലേക്ക് മാറ്റിയത്. 27ന് പോസ്റ്റ് കോണ്‍ഫറന്‍സ് ടൂര്‍ കഴിഞ്ഞ് 28ന് സ്പീക്കറും സംഘവും കേരളത്തിലേക്ക് മടങ്ങും.











