തിരുവനന്തപുരം: പത്തൊന്‍പതാമത് എന്‍. നരേന്ദ്രന്‍ സ്മാരക പ്രഭാഷണം വെള്ളിയാഴ്ച്ച നടക്കും. വൈകിട്ട് ഏഴിന് കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ: രാജന്‍ ഗുരുക്കള്‍ നിര്‍വ്വഹിക്കും. പുതിയ കേന്ദ്രവിദ്യാഭ്യാസനയം: കാണാപ്പുറങ്ങള്‍ എന്നതാണ് വിഷയം. NarendranLecture എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായാണ് പ്രഭാഷണം.
ദൂരവ്യാപകമായും അല്ലാതെയും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പുതിയ വിദ്യാഭ്യാസ നയം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആപത്ക്കരമാണ് ഈ സ്ഥിതി. ഇതു പരിഗണിച്ചാണ് ഈ വിഷയം സ്മാരകപ്രഭാഷണത്തിനു തെരഞ്ഞെടുത്തതെന്നു സംഘാടകരായ നരേന്ദ്രന്റെ കൂട്ടുകാര്‍ അറിയിച്ചു. വിദ്യാഭ്യാസപരിഷ്കരണ മണ്ഡലത്തില്‍ സംസ്ഥാനത്ത് നയരൂപവത്കരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക പണ്ഡിതനാണ് പ്രഭാഷകനായ പ്രൊഫ: രാജന്‍ ഗുരുക്കള്‍.
നിര്‍ഭയവും വസ്തുനിഷ്ഠവുമായ മാദ്ധ്യമപ്രവര്‍ത്തനത്തിലൂടെ ചെറിയകാലംകൊണ്ടുതന്നെ ആദരം നേടി അകാലത്തില്‍ പൊലിഞ്ഞ എന്‍. നരേന്ദ്രന്റെ പ്രൗഢമായ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും 1990കളിലും പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യവര്‍ഷങ്ങളിലും സവിശേഷശ്രദ്ധ നേടിയിരുന്നു. ദേശാഭിമാനി, ഇന്‍ഡ്യന്‍ എക്‌സ്പ്രസ് എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സമകാലികമലയാളം വാരിക അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ രാഷ്ട്രീയവിശകലനങ്ങളും തുറന്നുകാട്ടിയ അഴിമതികളും കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. നരേന്ദ്രന്റെ കൂട്ടുകാരാണു പരിപാടി സംഘടിപ്പിക്കുന്നത്.