ഡല്‍ഹി: രാജ്യം ഒരു വര്‍ഷത്തില്‍ ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗിയെ ഒറ്റപ്പെടുത്തിയ രോഗമാണിത്. കുട്ടികള്‍ അമ്മയില്‍ നിന്ന് അകന്നു കഴിയേണ്ടി വന്നു. മരിച്ചവരുടെ അന്തിമസംസ്‌ക്കാരം പോലും യഥാവിധി നടത്താനായില്ല. വീട്ടില്‍ പോലും പോകാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജീവനുകള്‍ രക്ഷിച്ചു. ആയിരക്കണക്കിനാളുകള്‍ ജീവന്‍ തന്നെ ബലി നല്‍കി. വാക്‌സിനേഷന്‍ ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത മഹാമാരിയാണ് ഉണ്ടായതെന്നും ഇന്ത്യയിലെ വലിയ ജനസംഖ്യ ദൗര്‍ബല്യമായി മാറുമെന്ന് പലരും കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ആദ്യ കേസ് സ്ഥിരീകരിക്കും മുമ്പ് തന്നെ ഇന്ത്യ നടപടി തുടങ്ങിയിരുന്നു. ആത്മവിശ്വാസം ഉണ്ടാക്കാന്‍ ജനത കര്‍ഫ്യൂവും ദീപം തെളിയിക്കലും സഹായിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക എളുപ്പമായിരുന്നില്ലെന്നും രാജ്യത്ത് എല്ലാം വ്യവസ്ഥയോടെ നടക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. ജനങ്ങളുമായി താന്‍ നിരന്തരം സംസാരിച്ചു. വന്ദേഭാരത് മിഷനിലൂടെ രാജ്യം പ്രവാസികളെ തിരികെ എത്തിച്ചു. ഈ നടപടികളിലൂടെ രാജ്യത്ത് മരണനിരക്ക് കുറയ്ക്കാനായി. രണ്ടാഴ്ചയയായി ചില ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഇല്ല. 150 രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നുകള്‍ എത്തിച്ചു. ഇന്ത്യയിലെ വാക്‌സിനേഷന്‍ പദ്ധതി ലോകം ശ്രദ്ധിക്കുന്നു. വാക്‌സിനേഷന്‍ പദ്ധതി ഏറെക്കാലം നീണ്ടു നില്‍ക്കുമെന്നും മരുന്നിനൊപ്പം കരുതല്‍ എന്നതാവും മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.