ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ കഴിഞ്ഞ 15 മാസത്തിനിടയില്‍ 36.53 ലക്ഷം രൂപയുടെ വര്‍ധന. പ്രധാനമന്ത്രിയുടെ പുതിയ ആസ്തി വിവരകണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.39 കോടിയായിരുന്ന സമ്പാദ്യം 1.75 കോടിയായി വര്‍ധിച്ചു. 26.26 ശതമാനത്തിന്റെ വര്‍ധനവാണ് ആസ്തിയില്‍ രേഖപ്പെടുത്തിയത്.സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് ഇക്കാര്യങ്ങളുള്ളത്. ഇത് പ്രകാരം ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് കാണിച്ചത്.
പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം രൂപയാണ് ശമ്പളം. കോവിഡ് പ്രമാണിച്ച് പ്രഖ്യാപിച്ച സാലറി കട്ടിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ 30 ശതമാനം ശമ്പളം കുറച്ചാണ് പ്രധാനമന്ത്രിക്കും ലഭിക്കുന്നത്. 2020 ജൂണ്‍ 30 വരെയുള്ള ആസ്തി വിവര കണക്കാണ് ഒക്ടോബര്‍ 12-ന് മോദി പുറത്തുവിട്ടത്.
പ്രധാനമന്ത്രി പദവിയിലിരിക്കെ ലഭിക്കുന്ന ശമ്പളത്തില്‍ ഭൂരിഭാഗവും ബാങ്ക് സേവിങ്‌സ് അക്കൗണ്ടുകളിലിടുകയും സ്ഥിരനിക്ഷേപവുമാണ് മോദി നടത്തിയിട്ടുള്ളത്. ഇതില്‍നിന്ന് ലഭിക്കുന്ന പലിശയും ആസ്തിയിലെ വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, മോദിയുടെ വസ്തുവക ആസ്തികളില്‍ മാറ്റമില്ല. 1.1 കോടി രൂപ വിലമതിക്കുന്ന ഗാന്ധിനഗറിലെ ഒരു സ്ഥലവും വീടുമാണ് ആസ്തിവിവര കണക്കില്‍ മോദി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്.
നികുതി കിഴിവിനായി ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം എന്‍എസ്സി (നാഷ്ണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടിലും മോദിക്ക് നിക്ഷേപമുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്‍ഷുറന്‍ പ്രീമിയം കുറച്ചതായും എന്‍എസ്സിയിലെ നിക്ഷേപം മോദി വര്‍ധിപ്പിച്ചതായും പുതിയ ആസ്തി വിവര കണക്കില്‍ വ്യക്തമാകുന്നു.
ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം മോദിയുടെ സേവിങ് അക്കൗണ്ടില്‍ 3.38 ലക്ഷം രൂപ ബാലന്‍സുണ്ട്. 2019 മാര്‍ച്ച് 31-ല്‍ ഇത് 4,143 രൂപ മാത്രമായിരുന്നു. എസ്ബിഐ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.60 കോടിയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 1.27 കോടി രൂപയായിരുന്നു. രണ്ട് ലക്ഷം രൂപ ശമ്പളമുള്ള മോദിയുടെ കൈവശമുള്ളത് 31,450 രൂപയാണെന്നും കണക്കുകളില്‍ പറയുന്നു. നാല് സ്വര്‍ണമോതിരവും മോദിയുടെ പക്കലുണ്ട്. സ്വന്തമായി കാറോ മറ്റു ബാധ്യതകളോ ഇല്ല.











