കെ.അരവിന്ദ്
സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകളുടെ വര്‍ഗീകരണത്തില്‍ മാറ്റമുണ്ടായിട്ട ണ്ട്. ഈ വര്‍ഗീകരണം അനുസരിച്ച് പല ഫ ണ്ടുകളുടെയും പേരുകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഉദാഹ രണത്തിന് നേര ത്തെ മള്‍ട്ടി കാപ് ഫണ്ടുകളായി അറിയപ്പെട്ടിരുന്ന ചില ഫണ്ടുകള്‍ പേരില്‍ വാല്യു എന്ന് കൂടി ചേര്‍ത്ത് വാല്യു ഫണ്ടുകളായിട്ടുള്ളത് കാണാം.
ഉദാഹരണത്തിന് എച്ച്.ഡി.എഫ്.സി കാപ്പിറ്റല്‍ ബില്‍ഡര്‍ വാല്യു ഫണ്ടിന്റെ പോര്‍ട് ഫോളിയോയില്‍ 60 ശതമാനം ലാര്‍ജ്‌കാപ് ഓഹരികളും 40 ശതമാനം മിഡ്-സ്‌മോള്‍കാപ് ഓഹരികളുമാണുള്ളത്. അതുപോലെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് പ്യൂര്‍ വാല്യു ഫണ്ടിന്റെ പോര്‍ട് ഫോളിയോയിലും 60 ശതമാനം ലാര്‍ജ് കാപ് ഓഹരികളും 40 ശതമാനം മിഡ്- സ്‌മോള്‍ കാപ് ഓഹരികളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
സ്വാഭാവികമായും മള്‍ട്ടികാപ് ഫണ്ടുകളും ഇത്തരം ഫണ്ടുകളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന സംശയം നിക്ഷേപകര്‍ക്കുണ്ടാകാവുന്നതാണ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണത്തിലുപരിയായുള്ള തിരഞ്ഞെടുപ്പാണ് വാല്യു ഫണ്ടു കള്‍ നടത്തുന്നത്. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പല തട്ടിലുള്ള ഓഹരികള്‍ക്ക് പ്രാതിനിധ്യം കൈവരുന്നത് യാദൃശ്ചികമാണ്.
പൊതുവെ രണ്ടു തരത്തിലുള്ള നിക്ഷേപ രീതിയാണുള്ളതെന്നാണ് പറയാറുള്ളത്- വാല്യു ഇന്‍വെസ്റ്റിംഗും ഗ്രോത്ത് ഇന്‍വെസ്റ്റിംഗും. അടിസ്ഥാന മൂല്യത്തേക്കാള്‍ താഴ്‌ന്ന വിലയില്‍ ലഭ്യമായിരിക്കുന്ന ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന രീതിയാണ് വാല്യു ഇന്‍വെസ്റ്റിംഗ്. ഒരു കമ്പനിയുടെ ബിസിനസിന്റെ കരുത്ത് തിരിച്ചറിയപ്പെടാത്തത് മൂലം അടിസ്ഥാന മൂല്യത്തേക്കാള്‍ താഴ്‌ന്ന വിലയിലേക്ക് ഇടിഞ്ഞ ഓഹരികള്‍ വാങ്ങുകയും വിപണി അവയുടെ മൂല്യം തിരിച്ചറിയുന്നതു വരെ കൈവശം വെക്കുകയും ചെയ്യുക എന്ന നിക്ഷേപ തത്വമാണ് വാല്യു ഇന്‍വെസ്റ്റിംഗില്‍ പിന്തുടരുന്നത്.
അതേ സമയം ഗ്രോത്ത് ഇന്‍വെസ്റ്റിംഗില്‍ അതീവ വളര്‍ച്ചാശേഷിയുള്ള കമ്പനികളുടെ ഓഹരികള്‍ വിപണി കല്‍പ്പിക്കുന്ന അധിക പ്രീമിയം നല്‍കി വാങ്ങുന്ന രീതിയാണ് പിന്തുടരുന്നത്. വാല്യു സ്റ്റോക്കുകള്‍ ചെലവ് കുറഞ്ഞതായിരിക്കുമെങ്കില്‍ ഗ്രോത്ത് സ്റ്റോക്കുകള്‍ ചെലവേറിയതായിരിക്കും.
ലാര്‍ജ്‌കാപ് ഓഹരികളിലും മിഡ്‌കാപ് ഓഹരികളിലും സ്‌മോള്‍കാപ് ഓഹരികളിലും വാല്യു സ്റ്റോക്കുകള്‍ കണ്ടെത്താനാകും. അതുകൊണ്ടു തന്നെ വാല്യു ഫണ്ടുകളില്‍ ഈ മൂന്ന് വിഭാഗത്തിലും വരുന്ന ഓഹരികള്‍ കാണാറുണ്ട്. പക്ഷേ അതുകൊണ്ട് അവ മള്‍ട്ടികാപ് ഫണ്ടുകളാണെന്ന് അര്‍ത്ഥമില്ല. സാധാരണ മള്‍ട്ടികാപ് ഫണ്ടുകളില്‍ ഗ്രോത്ത് സ്റ്റോക്കുകളും വാല്യു സ്റ്റോക്കുകളുമുണ്ടാകും.
വാല്യു ഇന്‍വെസ്റ്റിംഗ് എന്നത് ഫലം കാണാന്‍ ദീര്‍ഘമായ കാത്തിരിപ്പ് ആവശ്യമായി വരുന്ന ഒരു പ്രക്രിയയാണ്. ഒരു നിക്ഷേപകന്‍ ഒരു ഓഹരിയുടെ മൂല്യം തിരിച്ചറിഞ്ഞ് അതില്‍ നിക്ഷേപം നടത്തിയതിനു ശേഷം ഒരു പക്ഷേ ഏറെ വൈകിയായിരിക്കും വിപണി അത് തിരിച്ചറിയുന്നതും ഓഹരിയുടെ വിലയില്‍ മുന്നേറ്റമുണ്ടാകുന്നതും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമയും താന്‍ നടത്തിയിരിക്കുന്ന നിക്ഷേപത്തില്‍ അചഞ്ചലമായ വിശ്വാസവും പാലിക്കാന്‍ നിക്ഷേപകന് കഴിഞ്ഞിരിക്കണം.
ഹ്രസ്വകാലത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്ന് നേട്ടം കൊയ്യുക എന്നത് വാല്യു ഇന്‍വെസ്റ്റിംഗില്‍ സാധ്യമായി എന്നുവരില്ല. വാല്യു ഫണ്ടുകളുടെ കാര്യവും ഇങ്ങ നെ തന്നെ. അവയില്‍ നിന്ന് മികച്ച നേട്ടം ലഭിക്കണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കാന്‍ നിക്ഷേപകര്‍ തയാറായിരിക്കണം. വൈവിധ്യവല്‍ക്കരണത്തിനായി മള്‍ട്ടികാപ് ഫണ്ടുകളിലും നിക്ഷേപം നടത്തേണ്ടതുണ്ട്.