കെ.അരവിന്ദ്
ഓഹരി സൂചികയേക്കാള്‍ ഉയര്‍ന്ന നേട്ടം ലക്ഷ്യമിട്ടാണ് നാം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച റിട്ടേണ്‍ നല്‍കുന്ന ഫണ്ടുകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതും അതുകൊണ്ടാണ്. ചില ഫണ്ടുകള്‍ അവ ഉള്‍പ്പെടുന്ന വിഭാഗത്തിലെ ഫണ്ടുകള്‍ നല്‍കിയതിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്ന നേട്ടത്തിലൂടെ മികച്ച പ്രകടനം കാഴ്‌ച വെക്കുമ്പോള്‍ ചില ഫണ്ടുകളുടെ പ്രകടനം നേര്‍വിപരീതമായിരിക്കും. പ്രകടനം വിലയിരുത്തുമ്പോള്‍ സൂചിക (ബെഞ്ച്‌മാര്‍ക്ക്) യേക്കാള്‍ താഴ്‌ന്ന നേട്ടം നല്‍കിയ ഫണ്ടുകളെയും നമുക്ക് കാണാന്‍ കഴിയും. നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ ഒരു ഫണ്ടില്‍ നിന്ന് മറ്റൊരു ഫണ്ടിലേക്ക് മാറുന്ന രീതി അനുവര്‍ത്തിക്കേണ്ടതുണ്ടോ?
ദീര്‍ഘകാല നിക്ഷേപം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഫണ്ടില്‍ തന്നെ അതിദീര്‍ഘ കാലത്തേക്ക് തുടരുക എന്നല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപത്തില്‍ നിന്നും മികച്ച നേട്ടം ഉറപ്പുവരുത്തുന്നതിന് നിക്ഷേപം നടത്തിയിരിക്കുന്ന ഫണ്ടിന്റെ പ്രകടനം ഒരു നിശ്ചിത കാലയളവിനിടെ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് മാറേണ്ടതുണ്ടോയെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഫണ്ടുകളുടെ പ്രകടനത്തിലെ പതര്‍ച്ച എങ്ങനെ വിലയിരുത്തുമെന്നതാണ് അടുത്ത ചോദ്യം.
ഒരു ഫണ്ടിന്റെ പ്രകടനം പലപ്പോഴും അതിന്റെ കാറ്റഗറി ആവറേജുമായും സൂചികയുമായും താരതമ്യം ചെയ്‌താണ് വിലയിരുത്താറുള്ളത്. സൂചികയുമായി താരതമ്യപ്പെടുത്തുന്നതാണ് ശരിയായ രീതിയെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. സൂചികയേക്കാള്‍ മികച്ച നേട്ടം തുടര്‍ച്ചയായി ഫണ്ട് നല്‍കുന്നുണ്ടെങ്കില്‍ ഏതാനും ത്രൈമാസങ്ങളില്‍ കാറ്റഗറി ആവറേജിനേക്കാള്‍ താഴ്‌ന്ന റിട്ടേണാണ് നല്‍കിയിട്ടുള്ളതെങ്കില്‍ പോലും അതൊരു വലിയ വിഷയമാക്കേണ്ടതില്ലെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.
നേരത്തെ റേറ്റിംഗ് ഏജന്‍സികള്‍ ഒരു ഫണ്ട് ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന് തീരുമാനിക്കുന്നത് വിവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഒരു ഫണ്ടിനെ വിവിധ റേറ്റിംഗ് ഏജന്‍സികള്‍ വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തി കാണാറുമുണ്ടായിരുന്നു. ഈ രീതി ഇപ്പോള്‍ മാറിയിട്ടുണ്ട്. കാറ്റഗറികളെ സെബി വ്യക്തമായി നിര്‍വചിക്കുകയും അതിന് അനുസരിച്ച് ഫണ്ട് ഹൗസുകള്‍ സ്‌കീമുകളെ ക്രമീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
കാറ്റഗറി ആവറേജുമായി താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തല്‍ എല്ലായ്‌പ്പോഴും കൃത്യമാകണമെന്നുമില്ല. ഒരേ വിഭാഗത്തില്‍ പെടുന്ന ഫണ്ടുകളുടെ സൂചിക (ബെഞ്ച്‌മാര്‍ക്ക്) വ്യത്യസ്‌തമാകുന്നതും കാണാറുണ്ട്.
എപ്പോഴാണ് ഒരു ഫണ്ടില്‍ നിന്നും പിന്‍വലിച്ച് നിക്ഷേപം മറ്റൊരു ഫണ്ടിലേക്ക് മാറേണ്ടത്? ഒരു വര്‍ഷത്തോളം തുടര്‍ച്ചയായ ത്രൈമാസങ്ങളില്‍ ബെഞ്ച്‌മാര്‍ക്കിനേക്കാള്‍ രണ്ട്-മൂന്ന് ശതമാനം റിട്ടേണ്‍ കുറഞ്ഞ നിലയിലാണ് ഫണ്ടിന്റെ പ്രകടനമെങ്കില്‍ മറ്റൊരു ഫണ്ടിലേക്ക് മാറുന്നത് പരിഗണിക്കാവുന്നതാണെന്ന് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു. പ്രകടനത്തിലെ പതര്‍ച്ച ഫണ്ട് മാനേജര്‍ മാറിയതുമൂലമോ ഫണ്ടിനെ മറ്റൊരു ഫണ്ട് ഹൗസ് ഏറ്റെടുത്തതു മൂലമോ ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്.
താഴ്‌ന്ന റിട്ടേണ്‍ നല്‍കുന്ന ഫണ്ടുകളുടെ എക്‌സ്‌പെന്‍സ് റേഷ്യോ കൂടി പരിഗണിക്കേണ്ടതുണ്ട്. എക്‌സ്‌പെന്‍സ് റേഷ്യോ ഉയര്‍ന്നിരിക്കുന്നത് റിട്ടേണിനെ പ്രതികൂലമായി ബാധിക്കാം. അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ ഉയര്‍ന്ന ആസ്‌തിയുള്ള ഫ്‌ളാഗ്‌ഷിപ്പ് സ്‌കീമുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതാകും ഉത്തമം.