കെ.അരവിന്ദ്
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരമായി ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ് ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ് അസറ്റ് വാല്യു)വില്‍ ഇടിവുണ്ടാകുന്ന പ്രവണത ഈയിടെ ഉണ്ടായിട്ടുണ്ട്.
കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെ (ഡെറ്റ് ഫണ്ടുകള്‍) ഒരു വിഭാഗമാണ് ലിക്വിഡ് ഫണ്ടുകള്‍. അതീവ ഹ്രസ്വകാലത്തേക്കുള്ള കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. അതീവ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാന്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകള്‍. ബാങ്ക് സ്ഥിരനിക്ഷേപത്തിന് തുല്യമായ വാര്‍ഷിക റിട്ടേണാണ് ലിക്വിഡ് ഫണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത്.
ലിക്വിഡ് ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഡെറ്റ് ഫണ്ടുകളില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ എക്‌സിറ്റ് ലോഡ് ബാധകമാണെങ്കിലും ലിക്വിഡ് ഫണ്ടുകള്‍ക്ക് ഇത് ബാധകമല്ല. ഏത് സമയത്തും നിക്ഷേപം ബാങ്ക് അക്കൗണ്ടിലേക്ക് പിന്‍വലിക്കാവുന്ന സൗകര്യം പ്രമുഖ ഫണ്ട് ഹൗസുകള്‍ ഏര്‍പ്പെടുത്തിയതോടെ ഈ നിക്ഷേപ മാര്‍ഗം ഇടത്തരം നിക്ഷേപകര്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പ്രവണതയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ ചില ലിക്വിഡ് ഫണ്ടുകളുടെ റിട്ടേണ്‍ ഇടിയുന്ന സ്ഥിതിവിശേഷം ഈയിടെ ഉണ്ടായി. ചില കമ്പനികളുടെ കടപ്പത്രങ്ങളിലെ നിക്ഷേപം തിരികെ ലഭിക്കുന്നതില്‍ വീഴ്‌ച വന്നതാണ് കാരണം. ഇത് ഓവര്‍നൈറ്റ് ഫണ്ടുകളിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിട്ടുണ്ട്. ലിക്വിഡ് ഫണ്ടുകളെ അപേക്ഷിച്ച് ഓവര്‍ നൈറ്റ് ഫണ്ടുകള്‍ക്ക് റിസ്‌ക് കുറവാണെന്ന താണ് കാരണം.
വളരെ ഹ്രസ്വമായ കാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ക്ക് ഓവര്‍നൈറ്റ് ഫണ്ടുകള്‍ കാര്യമായ റിസ്‌കില്ലാത്തതിനാല്‍ അനുയോജ്യമായി തോന്നാവുന്നതാണ്. മൂലധനത്തില്‍ യാതൊരു നഷ്‌ടവും വരാതെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിക്ഷേപം പിന്‍വലിക്കാനാകുമെന്നതാണ് സവിശേഷത.
ഓവര്‍നൈറ്റ് ഫണ്ടുകള്‍ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ദിവസം കാലയളവുള്ള കടപ്പത്രങ്ങളിലാണ് നിക്ഷേപിക്കുന്നത്. ഒരു കടപ്പത്രത്തിലെ നിക്ഷേപം തിരികെ ലഭിക്കുമ്പോള്‍ അടുത്ത ദിവസത്തേക്കുള്ള കടപ്പത്രത്തില്‍ നിക്ഷേപിക്കുന്നു. ഒരു ദിവസത്തിനകം വിലയില്‍ ഇടിവ് സംഭവിക്കുന്നതിനോ നിക്ഷേപം തിരികെ ലഭിക്കുന്നതില്‍ വീഴ്‌ച വരാനോയുള്ള സാധ്യത തീര്‍ത്തും കുറവാണ്.
സാധാരണ നിലയില്‍ നിക്ഷേപ സ്ഥാപനങ്ങളാണ് പ്രധാനമായും ഓവര്‍ നൈറ്റ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത്. വളരെ ചുരുങ്ങിയ കാലയളവില്‍ നിക്ഷേപം ‘പാര്‍ക്’ ചെയ്യുന്നതിനാണ് ഇത്തരം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. ലിക്വിഡ് ഫണ്ടുകളിലെ ചില സ്‌കീമുകള്‍ എന്‍എവിയില്‍ ഇടിവ് നേരിട്ടതാണ് ഓവര്‍നൈറ്റ് ഫണ്ടുകളിലേക്ക് സാധാരണ നിക്ഷേപകരുടെ ശ്രദ്ധ തിരിയാന്‍ കാരണമായത്.
അതേസമയം സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഓവര്‍നൈറ്റ് ഫണ്ടു കളേക്കാള്‍ മികച്ച നിക്ഷേപ മാര്‍ഗം ലിക്വിഡ് ഫണ്ടുകള്‍ തന്നെയാണ്. ഓവര്‍നൈറ്റ് ഫണ്ടുകളേക്കാള്‍ മികച്ച നേട്ടം നല്‍കുന്നത് ലിക്വിഡ് ഫണ്ടുകളാണ്. മികച്ച ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപത്തിലെ സുര ക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും എന്‍.എ.വിയില്‍ വീഴ്‌ച ഉണ്ടാകാതിരിക്കാനും ഗുണനിലവാരമുള്ള കടപ്പത്രങ്ങളില്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. ഉയര്‍ന്ന റേറ്റിംഗുള്ള കട പ്പത്രങ്ങള്‍ തിരഞ്ഞെടുത്താണ് അവ നിക്ഷേപം നടത്തുന്നത്. അത്തരം ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് നഷ്‌ടം വരുത്തുകയോ ലാഭത്തില്‍ കുറവ് വരുത്തുകയോ ചെയ്‌തിട്ടില്ല.