കെ.അരവിന്ദ്
ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രത്യേക തീമില്‍ മാത്രമായി നിക്ഷേപം നടത്തുന്ന ഫണ്ടുകളെയാണ് തീമാറ്റിക് ഫണ്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ പ്രത്യേക തീമുകളിലായിട്ടാകും ഇത്തരം ഫണ്ടുകളുടെ നിക്ഷേപം.
സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിര്‍വചനം അനുസരിച്ച് ഏതെങ്കിലും പ്രത്യേ ക മേഖലയിലോ തീമിലോ മാത്രമായി 80 ശതമാനം നിക്ഷേപം നടത്തുന്ന ഫണ്ടുകളെയാണ് തീമാറ്റിക് ഫണ്ടുകളായോ സെക്‌ടര്‍ ഫണ്ടുകളായോ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ നിക്ഷേപ പരിധി കണിശമായി നിലനിര്‍ ത്താന്‍ ഇത്തരം ഫണ്ടുകള്‍ ബാധ്യസ്ഥമായിട്ടുണ്ട്.
ഓരോ കാലയളവിലും മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുന്ന മേഖലകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നു എന്നതാണ് സെക്‌ടര്‍ ഫണ്ടുകളുടെ മേന്മ. എന്നാല്‍ സെക്‌ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതില്‍ ഉയര്‍ന്ന റിസ്‌ക് കൂടിയുണ്ട് എന്ന് നിക്ഷേപകര്‍ മനസിലാക്കേണ്ടതുണ്ട്. ഒരു പ്രത്യേക മേഖലയിലെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതകള്‍ രൂപപ്പെടുകയോ അധികൃതരുടെ ഭാഗത്തു നിന്ന് പുതി യ നിയന്ത്രണങ്ങള്‍ ഉണ്ടാവുക യോ ചെയ്യുന്ന സാഹചര്യങ്ങള്‍ ഒരു മേഖലയില്‍ മാത്രമായി നടത്തുന്ന നിക്ഷേപം നഷ്‌ടത്തിലാകുന്നതിന് കാരണമാകാം. അതേ സമയം ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു പ്ര ത്യേക മേഖലയിലു ണ്ടാകുന്ന തിരിച്ചടിയെ മറ്റ് മേഖലകളിലെ വൈവിധ്യവല്‍ക്കരണത്തിലൂടെ മറികടക്കാനാകും. സെക്‌ടര്‍ ഫണ്ടുകളിലോ തീമാറ്റിക് ഫണ്ടുകളിലോ ഇത്തരത്തിലുള്ള വൈവിധ്യവല്‍ക്കരണം സാധ്യമല്ല.
ഓരോ കാലത്തും ഏത് മേഖലയാണ് മി കച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ളതെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുകയാണെങ്കില്‍ മാത്രമേ സെക്‌ടര്‍/തീമാറ്റിക് ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപം ഫലപ്രദമാകുകയുള്ളൂ. ഓരോ കാലത്തും മികച്ച പ്രകടനം കാ ഴ്‌ച വെക്കുന്ന മേഖലകളെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന നിക്ഷേപകര്‍ക്കു മാത്രമേ ഈ ഫണ്ടുകളിലെ നിക്ഷേപത്തിലൂ ടെ നേട്ടമുണ്ടാക്കാനാകൂ. വിപണിയിലെ ഓരോ ഘട്ടത്തിലെ മുന്നേറ്റത്തിലും ഏതൊക്കെ മേഖലകള്‍ മികവ് പുലര്‍ത്തുമെന്നും ഏ തൊക്കെ മേഖലകള്‍ ദുര്‍ബലമാകുമെന്നും പ്രവചിക്കുക സാധാരണ നിക്ഷേപകരെ സം ബന്ധിച്ചിടത്തോളം അസാധ്യമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തെ മുന്നേറ്റങ്ങളില്‍ പ്രലോഭിതരായി ഒരു പ്രത്യേക വിഭാഗം ഓഹരികളെ കൂടുതലായും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്ന സെക്‌ടര്‍ ഫണ്ടുകളില്‍ ഗണ്യമായ തോതില്‍ നിക്ഷേപം നടത്തുന്ന തില്‍ ഉയര്‍ന്ന റിസ്‌കാണുള്ളത്. സെക്‌ടര്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ വിദഗ്‌ധരുടെ ഉപദേശ പ്രകാരം മാത്രമേ അത് ചെയ്യാവൂ. ഇത്തരം ഫണ്ടുകളില്‍ നിക്ഷേപം നടത്തുകയും പിന്‍വലിയുകയും ചെയ്യുന്ന സമയം കൃത്യമായെങ്കില്‍ മാത്രമേ ലാഭമുണ്ടാക്കാനാകൂ. അതിനും വിദഗ്‌ധരുടെ നിര്‍ദേശങ്ങള്‍ ആവശ്യമാണ്. ബിസിനസുകളില്‍ വിവിധ ചക്രങ്ങളിലൂടെ കടന്നുപോകുന്ന മേഖലകളെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്താന്‍ സാധിക്കുന്ന ഒരാള്‍ക്ക് സെക്‌ടര്‍/തീമാറ്റിക് ഫണ്ടുകള്‍ നേട്ടം മെച്ചപ്പെടുത്താന്‍ ഉപകരിക്കും.
വൈവിധ്യവല്‍ക്കരണമാണ് അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിന്റെ ആത്മാവ്. റിസ്‌ക് കുറയ്‌ക്കാനും ദീര്‍ഘകാല നേട്ടം ഉറപ്പുവരുത്താനും നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം കൂടിയേ തീരൂ. ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഈ അടിസ്ഥാന തത്വം നിക്ഷേപകര്‍ എപ്പോഴും ഓര്‍ ത്തിരിക്കേണ്ടതുണ്ട്. വിപണിയിലെ മുന്നേറ്റത്തില്‍ ഏത് മേഖല നേട്ടം കൊയ്‌താലും പോര്‍ട്ട്‌ഫോളിയോയുടെ ഭദ്രത ഉറപ്പുവരുത്തുന്നതിനും റിസ്‌ക് കുറയ്‌ക്കുന്നതിനും ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുകയാണ് ചെയ്യേണ്ടത്.
സെക്‌ടര്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ മൊത്തം നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ അത്തരം ഫണ്ടുകളില്‍ വിനിയോഗിക്കാവൂ. ഉദാഹരണത്തിന് മൊത്തം ഇക്വിറ്റി ഫണ്ട് നിക്ഷേപത്തിന്റെ 15 ശതമാനം ഇത്തരം ഫണ്ടുകള്‍ക്കായി വിനിയോഗിക്കാം. ഈ 15 ശതമാനം രണ്ടോ മൂന്നോ സെക്‌ടറുകളിലോ തീമുകളിലോ ആയി നിക്ഷേപിക്കാനും ശ്രദ്ധിക്കണം.