English മലയാളം

Blog

KERALA-MARRIAGE

 

കൊച്ചി:  ‘പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21… നവംബര്‍ നാലു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുന്നു…കേന്ദ്ര നിയമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ആണ് ഇക്കാര്യം അറിയിച്ചത്’… ദിവസങ്ങളായി വാട്ട്‌സ് ആപിലും ഫേസ് ബുക്കിലും ട്രോള്‍ ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശമാണിത്. പോരെ പൂരത്തിന്. കേട്ട പാതി കേള്‍ക്കാത്ത പാതി പെണ്‍ കുട്ടികളെ ഓടിച്ചിട്ടു കല്യാണം കഴിപ്പിക്കുന്ന തിരക്കിലാണ് ഒരു വിഭാഗം മാതാപിതാക്കള്‍.

മുസ്ലീം മഹല്ലുകളില്‍ ഇതുവരെയും അനുഭവപ്പെടാത്തത്ര വിവാഹ ബുക്കിങ്ങുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി നടന്നിട്ടുള്ളത്. ആഴ്ചയില്‍ മൂന്നോ നാലോ വിവാഹ രജിസ്‌ട്രേഷന്‍ നടക്കുന്ന പളളികളിലെ ഇപ്പോഴത്തെ വിവാഹ കണക്ക് ഇരുപതിന് മുകളിലാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പലരും നിക്കാഹ് ചടങ്ങ് മാത്രം നടത്തി വിവാഹം പിന്നീട് വിപുലമായി നടത്താനാണ് തീരുമാനിക്കുന്നത്. വിവാഹ പ്രായം പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികളുടെ വിവാഹം അനന്തമായി നീണ്ടു പോകുമെന്നുള്ള ധാരണയിലാണ് പല മാതാപിതാക്കളും ഈ കടും കൈക്ക് മുതിരുന്നത്. സത്യം ഞൊണ്ടിക്കൊണ്ട് പിന്നാലെ വരുമ്പോള്‍ അസത്യം പറക്കുകയാണ് എന്ന് പറയുംപോലെയാണ് കാര്യങ്ങള്‍.

Also read:  സ്വപ്നയുടെ നിയമനം സര്‍ക്കാര്‍ അന്വേഷിക്കും; പാര്‍ട്ടി മുഖപത്രത്തില്‍ കോടിയേരി

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വ്യജ പ്രചരണം സജീവമായത്.  പുതുക്കിയ വിവാഹ പ്രായം എത്രയെന്നോ അത് എന്ന് നിലവില്‍ വരുമെന്നോ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. വിവാഹപ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹിക പ്രവര്‍ത്തക ജയ ജയറ്റ്‌ലി അധ്യക്ഷയായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും തീരുമാനം. മാതൃമരണ നിരക്ക് കുറയ്ക്കാനും വിളര്‍ച്ചയും പോഷകാഹാരകുറവും ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രചരിക്കുന്ന വാര്‍ത്തയിലും വലിയൊരു തെറ്റുണ്ട്. മുക്താര്‍ അബ്ബാസ് നഖ്‌വി കേന്ദ്ര നിയമമന്ത്രി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. രവിശങ്കര്‍ പ്രസാദാണ് കേന്ദ്ര നിയമമന്ത്രി. നഖ്‌വി ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രിയാണ്.