മലപ്പുറം: യുഡിഎഫ് നേതാക്കൾക്കെതിരെ നടക്കുന്ന സർക്കാർ നടപടിയിൽ പ്രതികരണവുമായി മുസ്ലീം ലീഗ്. സംസ്ഥാന സർക്കാർ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് മുസ്ലീം ലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊലീസ് പ്രവർത്തിക്കുന്നത് സർക്കാറിന്റെ നിർദേശമനുസരിച്ചാണ്. കോടതി ഇടപെട്ടിട്ടാണ് ദയ ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗ് നേതാക്കൾക്കെതിരെ ഉൾപ്പെടെ അന്വേഷണ നടപടികൾക്കിടയിലാണ് പ്രതികരണം. പാലാരിവട്ടം അഴിമതി കേസിൽ ലീഗ് നേതാവ് മുൻമന്ത്രി വി കെ. ഇബ്രാഹീം കുഞ്ഞും നിക്ഷേപതട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എംഎൽഎയും അറസ്റ്റിലായിരുന്നു. കെ എം ഷാജി എംഎൽഎയും അന്വേഷണ നടപടി നേരിടുകയാണ്.
കോൺഗ്രസ് നേതാക്കളായ എം കെ രാഘവൻ എംപി, വി ഡി സതീശൻ എംഎൽഎ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

















